ചാനല്‍ ആര്‍.ബി പുറത്തുവിട്ട വാര്‍ത്ത; വെട്ടിലായത് പണം കൈപ്പറ്റിയ നിരവധി സ്‌കൂളുകള്‍, വിശദീകരണം തേടി ബാലാവകാശ കമ്മീഷന്‍, മിന്നല്‍ പരിശോധന നടത്തി ഡി.ഡി.ഇ

  • Post category:news
  • Reading time:2 mins read
You are currently viewing ചാനല്‍ ആര്‍.ബി പുറത്തുവിട്ട വാര്‍ത്ത; വെട്ടിലായത് പണം കൈപ്പറ്റിയ നിരവധി സ്‌കൂളുകള്‍, വിശദീകരണം തേടി ബാലാവകാശ കമ്മീഷന്‍, മിന്നല്‍ പരിശോധന നടത്തി ഡി.ഡി.ഇ

കാസര്‍കോട്: ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം മറികടന്ന് വ്യാപകമായി പി.ടി.എ ഇനത്തില്‍ പണപിരിവ് നടത്തുന്നതായുള്ള വാര്‍ത്ത ചാനല്‍ ആര്‍.ബി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശ്ശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത് വരുകയും ചെയ്തു. കുട്ടികളുടെ അഡ്മിഷന്‍ സമയത്ത് കൈപ്പറ്റിയ പണത്തിന്റെ രസീത് സഹിതമായിരുന്നു ചാനല്‍ ആര്‍.ബിയിലെ വാര്‍ത്ത. അതുകൊണ്ട് തന്നെ പരാതി ഇല്ലാതത്തിനാല്‍ ശ്രദ്ധയില്‍പെടാതെ പോയ പലസ്‌കൂളുകള്‍ക്ക് എതിരെയും നടപടി കര്‍ശ്ശനമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ചില സ്‌കൂളുകളില്‍ നിന്ന് ഡി.ഡി.ഇക്ക് രേഖാമൂലം പരാതി ലഭിച്ചതിനാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ചാനല്‍ ആര്‍.ബിയിലെ വാര്‍ത്തയും ശ്രദ്ധയില്‍പെട്ടത്. ഒരു കുട്ടിയില്‍ നിന്ന് 2500 രൂപയും, 3000 രൂപയും വീതമാണ് പല സ്‌കൂളുകളും ഈടാക്കിയിരുന്നത്. ചില സ്‌കൂളുകളില്‍ 5000 രൂപ വരെ കൈപ്പറ്റി എന്നതും കണ്ടെത്താനായി. പല സ്‌കൂളുകളിലും രസീത് നല്‍കാതെയായിരുന്നു പണപിരിവ്. ഇവിടെങ്ങളില്‍ നിന്ന് രേഖാമൂലം പരാതി ലഭിച്ചതിനാല്‍ ഡി.ഡി.ഇ ഇടപെട്ട് പണം തിരികെ നല്‍കി.

എന്നാല്‍ ചില സ്‌കൂളുകളില്‍ പരാതിപെടാന്‍ രക്ഷിതാക്കള്‍ മടിച്ചതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികളുടെ ഭാവിയോര്‍ത്ത് പല രക്ഷിതാക്കളും ആവശ്യപ്പെട്ട പണം നല്‍കുകയായിരുന്നു. ഇത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പല രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കി. 100 രൂപയില്‍ കൂടുതല്‍ പണം കൈപ്പറ്റരുതെന്ന് എല്ലാ സ്‌കൂളുകളിലെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് അവഗണിച്ചായിരുന്നു പല സ്‌കൂളുകളും പണപിരിവ് നടത്തിയത്. മുന്‍വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും പി.ടി.എ തോന്നുംപടി പണപിരിവ് നടത്തിയിരുന്നു, ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം പണപിരിവിന് കര്‍ശ്ശന നിര്‍ദ്ദേശം പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്.

എന്നാല്‍ ഇത് പാലിക്കാന്‍ പല സ്‌കൂളുകളും തയ്യാറാവാത്തതാണ് വീണ്ടും ഇത് ചര്‍ച്ചയാവാന്‍ കാരണം. സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് കുട്ടികളുടെ കയ്യില്‍ നിന്ന് പണപിരിവ് നടത്തി ചൂഷണം ചെയ്യുന്നതായുള്ള വാര്‍ത്ത ചാനല്‍ ആര്‍.ബി റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഡി.ഡി.ഇ നേരിട്ട് ഇടപെടുകയും ആരോപണം ഉയര്‍ന്ന സ്‌കൂളുകളില്‍ അടിയന്തര സന്ദര്‍ശനം നടത്തുകയും ചെയ്തു. സ്‌കൂളുകളില്‍ പണപിരിവ് നടത്തിയതായി ബോധ്യപ്പെട്ട ഡി.ഡി.ഇ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച് ജില്ലയില്‍ നിരവധി സ്‌കൂളുകള്‍ പണപിരിവ് നടത്തിയതായും ഇവര്‍ക്ക് എതിരെ നടപടി കൈക്കൊള്ളുമെന്നും ഡി.ഡി.ഇ സുരേഷ് കുമാര്‍ ചാനല്‍ ആര്‍.ബിയെ അറിയിച്ചു.

0Shares