കാസര്‍കോട്: പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്ത വനിതാ ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്ന് ഗുജറാത്തിലേക്ക് യാത്ര തിരിച്ച കേരള സംഘത്തോടൊപ്പം കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികളായ ഞങ്ങള്‍ രണ്ടുപേര്‍ പോയത്- ചെങ്കള പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റായ ഞാനും, തൃക്കരിപ്പൂര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റായ വി.പി ഫൗസിയയും. ഗാന്ധിനഗറിലായിരുന്നു വനിതാ സര്‍പാഞ്ചുമാരുടെ ദേശീയ സമ്മേളനം. ഗാന്ധി നഗര്‍ മഹാത്മാ മന്ദിറില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഞങ്ങളുടെ സംഘം ഗുജറാത്തിലെ പല പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയപ്പോഴും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. 8-ാം തീയ്യതി പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സംബന്ധിക്കാന്‍ സമ്മേളന സ്ഥലത്ത് എത്തിയപ്പോള്‍ ഞങ്ങള്‍ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തുടര്‍ന്ന് (ഹിജാബ്) ശിരോവസ്ത്രമഴിക്കാന്‍ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടു. തട്ടമിട്ട് അകത്തേക്ക് പ്രവേശനമില്ലെന്നും തട്ടം അഴിച്ച് വെച്ചാല്‍ മാത്രമെ പ്രവേശിപ്പിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ ക്ഷണിക്കപ്പെട്ടവരാണെന്നും കേരളത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാരാണെന്നും അവരോട് പറഞ്ഞു. തട്ടം അഴിച്ചേ മതിയാവൂ എന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിച്ചു. അപ്പോഴാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നത്, ഒരാള്‍ തട്ടം അഴിച്ച് വെച്ച് നേരത്തെ അകത്ത് പ്രവേശിച്ചിട്ടുണ്ടെന്നും അതുപോലെ ചെയ്യാന്‍ നിങ്ങളും ബാദ്ധ്യസ്ഥര്‍ ആണെന്നും.
അത് നിങ്ങളും പാലിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോഴാണ് ഞങ്ങള്‍ക്ക് മനസ്സിലായത്, വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാന്‍ സൈദലവിയാണ് ഇവരുടെ വാശിയില്‍ തട്ടമഴിക്കാന്‍ നിര്‍ബന്ധിതരായതെന്ന്. ഒരു പക്ഷെ അവര്‍ ഒറ്റപ്പെട്ടത് കൊണ്ടാവാം അങ്ങനെ സംഭവിച്ചത്. ഞങ്ങള്‍ രണ്ട് പേരും അപ്പോള്‍ ഒരുമിച്ച് ചെറുത്തു നിന്നു. ഞങ്ങളുടെ വിശ്വാസത്തെയാണ് അവര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. നരേന്ദ്രമോദിയെ ദൈവമായി കാണുന്നവര്‍ ഉണ്ടാകാം അതില്‍ വിരോധമില്ല. പക്ഷെ ഞങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിനപ്പുറത്തേക്ക് മറ്റൊന്ന് ചിന്തിക്കാനാവില്ല. ജനാധിപത്യ രാജ്യത്ത് നാം ഏത് തരത്തിലുള്ള വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് മോദി അല്ലല്ലോ? ഇത്തരം മനോഭാവം നാടിന് ആപത്താണ്. ആര്‍.എസ്എസ് അജണ്ട നടപ്പിലാക്കാനല്ല ബി.ജെ.പി ശ്രമിക്കേണ്ടത്. ഇന്ത്യയില്‍ ജാതി മത ഭേദമെന്യേ എല്ലാവരും തുല്യരായിരിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഷാഹിനാ സലീമിന് പറയാന്‍ ഒരുപാടുണ്ട്. അതുപോലെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൗസിയയ്ക്കും തങ്ങള്‍ അനുഭവിച്ച മന:പ്രയാസത്തെ കുറിച്ച് പലതും വെളിപ്പെടുത്താനുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരനുഭവം നേരിടേണ്ടി വന്നതില്‍ ഇരുവര്‍ക്കും അത്യധികം ദുഖമുണ്ട്. ഇത്തരം ദുസ്ഥിതികള്‍ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ കൂടെ നിന്ന് പിന്തുണയ്ച്ച ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്ന കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിധു ബാല,കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാരായ ശബാന,അശ്വതി, കണ്ണൂര്‍ കുടുംബശ്രീ പ്രവര്‍ത്തക ജയലക്ഷ്മി തുടങ്ങിയ എല്ലാവര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല-ഷാഹിന പറഞ്ഞു.
