കോഴിക്കോട്: സുന്നി നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ പുറത്തിറക്കാന്‍ എഴുത്തുകാരനു വിലക്ക്. കാന്തപുരത്തിന്റെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ ‘എന്റെ കാലം’ എന്ന ആത്മകഥയുടെ ഒന്നാംഭാഗം പുറത്തിറങ്ങുന്നതിനാണു വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് എഴുത്തുകാരന്‍ ആദില്‍ റഹ്മാന്‍ ആരോപിച്ചു. സിറാജ് ദിനപത്രത്തിന്റെ ദുബൈ എഡിഷനില്‍ ജോലി ചെയ്യവേയായിരുന്നു ആത്മകഥ തയാറാക്കിയത്. മര്‍കസ് പി.ആര്‍.ഒ ആയിരുന്ന അസ്ലം സഖാഫി വാളക്കുളത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ആത്മകഥാ രചന ആരംഭിച്ചത്. രണ്ടര വര്‍ഷമെടുത്താണു കാന്തപുരത്തിന്റെ ആത്മകഥയുടെ ഒന്നാംഭാഗം പൂര്‍ത്തീകരിച്ചതെന്നു ആദില്‍ റഹ്മാന്‍ പറയുന്നു. ‘അടുത്തവര്‍ അറിഞ്ഞ കാന്തപുരം’ എന്ന പേരില്‍ കാന്തപുരത്തെക്കുറിച്ച് പ്രമുഖരുടെ ഓര്‍മകള്‍ ഉള്‍പ്പെടുത്തി രണ്ടു ഭാഗങ്ങളുള്ള പുസ്തകവും തയാറാക്കിയിരുന്നു. ഇതു ദുബൈയില്‍ കെട്ടിക്കിടന്ന് നശിക്കുകയാണ്.
പുസ്തകങ്ങള്‍ തയാറാക്കിയതു വഴി റഹ്മാന് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കാന്തപുരത്തിന്റെയും മകന്‍ ഡോ. അബ്ദുല്‍ഹക്കീം അസ്ഹരിയുടെയും നിര്‍ദേശപ്രകാരമാണ് എസ്.വൈ.എസിന്റെ പ്രവാസി രൂപമായ ഐ.സി.എഫ് മുഖേന വില്‍പന നടത്താന്‍ തീരുമാനിച്ചത്. അതനുസരിച്ച് ആയിരക്കണക്കിനു പുസ്‌കങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിയിരുന്നു. ഹഖീം അസ്ഹരി മൂന്നു പുസ്തകങ്ങളുടെയും പ്രൂഫ് ഉള്‍പ്പെടെയുള്ളവ വായിക്കുകയും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഡോ. ഹഖീമിന്റെ എന്റെ ഉപ്പയെന്ന കാന്തപുരത്തെക്കുറിച്ചുള്ള ഓര്‍മ അടുത്തവര്‍ അറിഞ്ഞ കാന്തപുരം എന്ന പുസ്തകത്തിലുണ്ട്. എന്നാല്‍ കാന്തപുരത്തിന്റെ മകനും മര്‍കസ് ഡയറക്ടറുമായ അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ വില്‍പന നിര്‍ത്തിവെപ്പിക്കുകയായിരുന്നുവെന്ന് ആദില്‍ റഹ്മാന്‍ ആരോപിച്ചു.
കാന്തപുരത്തിന്റെ ആത്മകഥ പുറത്തിറക്കാന്‍ എഴുത്തുകാരനു വിലക്ക്; മകനാണ് വിലക്കേര്‍പെടുത്തിയതെന്ന് ആദില്‍ റഹ്മാന്