
സംസ്ഥാനമാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മുഴുവന്‍ പി.എസ്.സി പരീക്ഷകളും മാറ്റി. എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടയില്‍ 24 സെന്റീമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്‍പതാം തിയതി വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും. 10-ാം തിയതി മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. 11, 12 തിയ്യതികളില്‍ മഴയില്‍ കുറവ് സംഭവിക്കും. എന്നാലും വടക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 14 സെന്റീമീറ്റര്‍ വരെ മഴ പെയ്‌തേക്കും.
കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടുമുതല്‍ 11-ാം തിയതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
