ഉദുമ: പഞ്ചായത്തിലെ അംഗന്‍വാടികളിലെ ചുമരുകളില്‍ വര്‍ണചിത്രങ്ങള്‍ തെളിയുന്നു. പിഞ്ചുകുട്ടികളെ അംഗന്‍വാടികളിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വന്തമായി കെട്ടിടമുള്ള 31 സ്ഥാപനങ്ങളില്‍ ജീവന്‍ തുടിക്കുന്ന ശിശു സൗഹൃദ ചുമര്‍ചിത്രങ്ങള്‍ വിരിഞ്ഞത്. പ്രശസ്തരായ ചിത്രകാരന്മാരുടെ വിരലുകളിലൂടെയാണ് അംഗനവാടികളുടെ അകത്തെയും പുറത്തെയും ചുമരുകളിലും ടോയ്ലറ്റ് ചുമരിലും ചിത്രങ്ങള്‍ വരച്ചത്. മരത്തണലില്‍ കളിക്കുന്ന കുട്ടികളോട് കഥപറയുന്ന മുത്തശ്ശി, തുമ്പിക്കൈ ഉയര്‍ത്തിയ ആന, കുരങ്ങ്, മുയല്‍, പൂവന്‍കോഴി, തവള, മത്സ്യം , കുറുക്കന്‍, ബലൂണ്‍ എന്നിവയെല്ലാം ചിത്രങ്ങളില്‍ കാണാം. ഈ ചിത്രങ്ങള്‍ കാണിച്ചാണ് പല അംഗന്‍വാടികളിലും ക്ലാസെടുക്കുന്നത്. 
വീട്ടില്‍ നിന്നും കരഞ്ഞ് കൊണ്ട് അംഗങ്ങള്‍ വാടികളിലെത്തുന്ന കുട്ടികള്‍ ചിത്രങ്ങള്‍ മുന്നില്‍ ടീച്ചര്‍ കഥ പറഞ്ഞുകൊടുക്കുമ്പോള്‍ കരച്ചില്‍ മതിയാക്കുന്നു. അഞ്ചു ലക്ഷത്തോളം രൂപയാണ് ചിത്രം വരക്കാന്‍ പഞ്ചായത്ത് ചിലവഴിച്ചതെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൈനബ അബൂബക്കര്‍ പറഞ്ഞു. ഇതിനു പുറമെ ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പ സമയം കുട്ടികള്‍ക്ക് ഉറങ്ങാന്‍ വേണ്ടി വിവിധ അംഗന്‍വാടിക്ക് 352 കിടക്കകള്‍ നല്‍കി. 33 അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫെയറും വിവിധ അംഗന്‍വാടികള്‍ക്ക് അലമാര, ഫര്‍ണീച്ചര്‍, കുക്കര്‍, പാത്രങ്ങള്‍ എന്നിവയും നല്‍കി.