ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയും തമിഴ്നാട് സര്‍ക്കാര്‍ ഉപദേഷ്ടാവുമായ ഷീലാ ബാലകൃഷ്ണന് ഐ.എ.എസ് രാജിവച്ചു. മലയാളിയായ ഷീല 2012 മുതല്‍ തമിഴ്നാട്ടില്‍ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. 2014 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഇവര്‍ തുടര്‍ന്ന് സര്‍ക്കാരിന്റെ ഉപദേഷ്ടാവായി നിയമിക്കപ്പെടുകയായിരുന്നു.

കാലാവധി തീരാന്‍ രണ്ട് മാസം ബാക്കിയുള്ളപ്പോഴാണ് ഇവര്‍ രാജി വച്ചത്. പാര്‍ട്ടിയില്‍ ശശികല പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് സൂചന. ജയലളിതയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതിനാല്‍ ഭരണകാര്യങ്ങളില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ ഇവര്‍ ജയലളിതയെ സഹായിച്ചിരുന്നു. 1983 ല്‍ എംജി ആറിന്റെ മന്ത്രി സഭയില്‍ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറായിരുന്ന ഷീലാ ബാലകൃഷ്ണന് ഏറെ കാലമായി തമിഴ്നാട് ഭരണ കൂടത്തിന്റെ നിര്‍ണ്ണായക തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച സുപ്രധാന വ്യക്തി എന്ന നിലയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.