
കുറ്റിക്കോൽ (കാസർകോട്): ജനങ്ങളുടെ സ്വപ്നപദ്ധതിക്ക് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകളിലൂടെയുള്ള തെക്കിൽ- അലട്ടി റോഡിന്‍റെ നിർമാണ പ്രവർത്തിയിൽ അപാകതയുണ്ടെന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി. സി.പി.എം കളക്കര ബ്രാഞ്ച് (ഒന്ന്) കമ്മറ്റിയാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
കയറ്റങ്ങൾ കുറച്ചും വളവുകൾ പരമാവധി ഒഴിവാക്കിയുമാണ് പദ്ധതി പൂർത്തീകരിക്കുകയെന്ന് അധികൃതർ ആദ്യം വ്യക്തമാക്കിയിരുന്നു. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ കഴിഞ്ഞദിവസം നാട്ടുകാർ ഉൾപ്പെടെയുള്ള യോഗത്തിലും പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. 34 കിലോമീറ്റർ നീളമുള്ള ഈ റോഡിലെ കുറ്റിക്കോലിനും പള്ളത്തിങ്കാലിനും ഇടയിലെ ചെങ്കുത്തായ കയറ്റം കുറക്കാതെയാണ് ഇപ്പോൾ പ്രവൃത്തികൾ നടക്കുന്നത്.
ചുരുങ്ങിയ ചെലവിൽ കയറ്റം കുറക്കാനുള്ള എല്ലാ സാഹചര്യങ്ങൾ ഉണ്ടായിട്ടും കരാറുകാർ വിസമ്മതം അറിയിച്ചിരിക്കുകയാണ്. ബസുൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കയറ്റം കയറാനാവാതെ ഇവിടെ ഇടയ്ക്കിടെ ഗതാഗതതടസം ഉണ്ടാകുന്നതായും ഉടനടി നടപടികൾ സ്വീകരിക്കണമെന്നും മന്ത്രിയോട് പരാതിയിൽ ആവശ്യപ്പെട്ടു.

കിഫ്ബി (കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്‌റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)യില്‍ 71.65 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് പൊയിനാച്ചി- ബന്തടുക്ക (തെക്കില്‍-അലട്ടി) റോഡ് പ്രവൃത്തി നവീകരണം തുടങ്ങിയത്. എന്നാൽ തുക വർദ്ധിപ്പിച്ച് 100 കോടിയിലധികമാക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു. രണ്ടുവര്‍ഷമാണ് നവീകരണ പ്രവൃത്തി കാലാവധി. പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കേരള റോഡ് ഫണ്ട് ബോര്‍ഡാണ്. കാസര്‍കോട്ടുകാരന്‍റെ ഉടമസ്ഥതയിലുള്ള ഗോവയിലെ അസ്മാസ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ ലഭിച്ചത്.
34.555 കിലോമീറ്റര്‍ ദൂരമുള്ളതാണ് ഈ റോഡ്. മെക്കാഡം ടാറിങ്ങിനെക്കാള്‍ ആധുനികമായ ടെന്‍സ് ബിറ്റുമിന്‍ സാങ്കേതിക വിദ്യയിലാണ് റോഡ് അഭിവൃദ്ധിപ്പെടുത്തുകയെന്നും പറഞ്ഞിരുന്നു. എര്‍ത്ത് വര്‍ക്ക്, ജി.എസ്.പി, ബൈറ്റ് മിക്‌സ്, പ്രൈംകോട്ട്, ടാക്ക് കോട്ട്, മെക്കാഡം ബി.സി എന്നിവ ഇതിനായി ചെയ്യുകയും നിലവിലുള്ള 5.5 മീറ്റര്‍ ടാറിങ് വീതി ഏഴുമീറ്ററാക്കുന്നതിനുമാണ് ടെണ്ടർ നടപടികൾ. 24 കലുങ്കുകള്‍ മാറ്റി 54 എണ്ണം പുതുതായി പണിയുകയും മാണിമൂല, പുളിഞ്ചാല്‍ പാലം പുതുക്കിപ്പണിയുകയും ബേഡകം വളവ് ഒഴിവാക്കാന്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ കിഫ്ബിയുടെ കൺസൾട്ടൻസിയെ കൊണ്ട് എസ്റ്റിമേറ്റുകൾ ഇടയ്ക്കിടെ മാറ്റുന്നതാണ് അപാകതയ്ക്ക് കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്.
