സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍; അടുത്തമാസം 14 ന് സെക്രട്ടറിയേറ്റ് നടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും

  • Post category:news
  • Reading time:2 mins read
You are currently viewing സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍; അടുത്തമാസം 14 ന് സെക്രട്ടറിയേറ്റ് നടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും

കാസര്‍കോട്: സംസ്ഥാനത്ത് സ്വകാര്യ ബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ദി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് ഒന്നിന് നാമമാത്രമായി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചെങ്കിലും സംസ്ഥാനത്തെ ബസുടമകള്‍ക്ക് അതിന്റെ യാതൊരു പ്രയോജനവും ലഭിച്ചില്ലായെന്ന് തൃശൂരില്‍ ചേര്‍ന്ന ഫെഡറേഷന്റെ സ്റ്റേറ്റ് കമ്മിറ്റിയോഗം വിലയിരുത്തുകയും ശക്തമായ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഡീസല്‍ വില ലിറ്ററിന് 66 രൂപയായിരുന്നത് ഇപ്പോഴാകട്ടെ ദിനംപ്രതി വര്‍ദ്ധിച്ച് 72 രൂപയിലെത്തിയിരിക്കുന്നു. അതായത് രണ്ടുമാസത്തിനുള്ളില്‍ ഡീസല്‍വിലയില്‍ മാത്രം ലിറ്ററിന് ആറു രൂപയുടെ വര്‍ദ്ധനവുണ്ടായി. ഈയിനത്തില്‍ മാത്രം ബസുടമകള്‍ക്ക് പ്രതിദിനം 600 രൂപയിലധികം അധികചെലവുണ്ടായി. ഇന്ധനവില നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടി.യുടെ പരിധിയിലുള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഏപ്രില്‍ രണ്ടാംവാരത്തില്‍ ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഈ ആവശ്യം നിരാകരിച്ചത് ഏറെ ഖേദകരമാണ്. ഈ സാഹചര്യത്തില്‍ പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നികുതി കുറയ്ക്കുക, സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്സിഡി അനുവദിക്കുകയോ ചെയ്യുക, ബസ് ബോഡി നിര്‍മ്മാണത്തിന് പുതുതായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്ക് സാവകാശം നല്‍കുക എന്നിവയാണ് അടിയന്തിര ആവശ്യങ്ങള്‍. ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്തെ ബസുടമകള്‍ അടുത്തമാസം 14 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാനും തുടര്‍ന്ന് കേന്ദ്ര സംഘടനയായ ആള്‍ ഇന്ത്യാ മോട്ടേര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസുമായി ചേര്‍ന്നുകൊണ്ട് രാജ്യവ്യാപകമായി ഒരു ദിവസത്തെ വാഹനബന്ദ് നടത്തുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നുവരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.ശുദ്ധീകരിച്ച ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാനവില 31.70 രൂപയും ഡീസലിന്റെ അടിസ്ഥാനവില 31.28 ആണെന്നിരിക്കെയാണ് ജനങ്ങള്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 79 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 72 രൂപയും നല്‍കേണ്ടിവരുന്നത് ക്രൂഡോയില്‍ വിലയില്‍ വന്ന കുറവിന്റെ ആനുകൂല്യങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഡീസലിന്റെ നികുതി കുറയ്ക്കണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡണ്ട് എം.ബി.സത്യന്‍, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ട്രഷറര്‍ ഹംസ എരിക്കുന്നന്‍, വൈസ് പ്രസിഡണ്ടുമാരായ ആന്റോ ഫ്രാന്‍സിസ്, സി.മനോജ്കുമാര്‍, കെ.വേലായുധന്‍, കെ.കെ.തോമസ്, ജോയിന്റ് സെക്രട്ടറിമാരായ പി.ചന്ദ്രബാബു, രാജ്കുമാര്‍ കരുവാത്ത്, കെ.സത്യന്‍, ടി.കെ. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares