സൂര്യാഘാതം വരുന്നു; ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

  • Post category:news
  • Reading time:1 min read
You are currently viewing സൂര്യാഘാതം വരുന്നു; ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

കാസര്‍കോട്: വേനല്‍ ചൂട് കൂടിയതിനാല്‍ സൂര്യാഘാതത്തിന് സാധ്യയുണ്ടെന്നും ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിനു തടസം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിലെ പല നിര്‍ണ്ണായകമായ പ്രവര്‍ത്തനങ്ങളും തകരാരിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യഘാതം എന്ന് പറയുന്നത്. നേരിട്ടു വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറം ഭാഗം, മുഖം, മുതുക്, കഴുത്തിന്റെ പിന്‍ഭാഗം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ടു ചികിത്സ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലിക്കായി ചെലവഴിക്കുന്നത് ഒഴിവാക്കുക, ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ വെയിലത്ത് നിന്ന് മാറി നില്‍ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, ധാരാളം വെള്ളം കുടിക്കുക, ഇരുചക്ര വാഹന യാത്രക്കാര്‍ ശ്രദ്ധിക്കുക, കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വെയിലത്ത് ഇറങ്ങാതിരിക്കുക, വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്, സൂര്യതാപം കുറയ്ക്കുവാന്‍ കുട ചൂടുക, കഠിനമായ ചൂട് കണ്ണിനു അസ്വസ്ഥത ഉണ്ടാക്കാന്‍ ഇടയുള്ളതിനാല്‍ പുറത്തു പോകുന്നവര്‍ സണ്‍ഗ്ലാസ് ധരിക്കുക, സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ശരീരഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക.

0Shares