തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതക കേസ് പുതിയ വഴിത്തിരിവിലേക്ക്. നാലുപേരെയും കൊലപ്പെടുത്തിയത് തന്നോട് കാണിച്ച അവഗണനയില്‍ മനം മടുത്താണെന്ന് കേഡലിന്റെ നിര്‍ണ്ണായക മൊഴി. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷനാണ് താന്‍ ചെയ്തത് എന്നായിരുന്നു കേഡലിന്റെ ആദ്യ മൊഴി. വീട്ടുകാരറിയാതെ 15 വര്‍ഷത്തോളമായി താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്ത് വരികയാണ് എന്നാണ് കേഡലിന്റെ മൊഴി. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉപയോഗിച്ച് ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്തതാണ് എന്നും ഇയാള്‍ പോലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ കേഡല്‍ പിന്നീട് മൊഴിമാറ്റുകയായിരുന്നു. കുടുംബം തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു എന്നും അവഗണന സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ് കൊല നടത്തിയതെന്നുമായിരുന്നു കേഡല്‍ പറഞ്ഞത്.

എല്ലാവരെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യയായിരുന്നു തന്റെ ലക്ഷ്യമെന്നും കേഡല്‍ പോലീസിനെ അറിയിച്ചു. ആത്മാക്കളാണ് കൊലപാതകം ചെയ്തതെന്നും തനിക്ക് ഒന്നും ഓര്‍മ്മയില്ലെന്നുമുള്ള കേഡലിന്റെ മൊഴിയെ തുടര്‍ന്ന് മനോരാഗ വിദഗ്ദന്റെ സാന്നിദ്ധ്യത്തിലാണ് പോലീസ് മൊഴിയെടുക്കല്‍ നടപടി തുടര്‍ന്നത്. എന്നാല്‍ മാസങ്ങള്‍ക്കു മുന്നേ തന്നെ കേഡല്‍ കൂട്ടക്കൊല ആസൂത്രണം ചെയ്‌തെന്നും സാത്താന്‍ സേവ എന്നത് വെറും പുകമറമാത്രമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. സാത്താന്‍ സേവയില്‍ ആകൃഷ്ടനായിരുന്നുവെന്നും ഈ വിഷയത്തില്‍ കേഡലിന് നന്നായി അറിവുണ്ടായുന്നെന്നും പോലീസിന് മനസ്സിലായിട്ടുണ്ട്.

സുഹൃത്ത് ബന്ധമോ മറ്റുള്ളവരുമായി സൗഹൃദമോ ഇല്ലാത്തതും ജീവിത സാഹചര്യങ്ങളും കേഡലിന് പൈശാചിക മനോഭാവം ഉണ്ടാകാനിടയായി. കുടുംബത്തിലെ എല്ലാവരും ഉന്നത വിദ്യാഭ്യാസവും ഉന്നതോദ്യോഗം നേടിയവരുമാണ്. എന്നാല്‍ പ്ലസ്ടു വിദ്യാഭ്യാസം മാത്രം നേടിയാണ് കേഡല്‍ വിദേശത്ത് തുടര്‍ വിദ്യാഭ്യാസത്തിനായി പോയിരുന്നത്. എന്നാല്‍ വിദേശ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കേഡലിന് സാധിച്ചില്ല. ഇതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും കടുത്ത അവഗണനയാണ് ലഭിച്ചിരുന്നതെന്നാണ് കേഡല്‍ പോലീസിനോട് പറഞ്ഞത്. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് സാത്താന്‍ സേവയെക്കുറിച്ച് പറഞ്ഞതെന്ന് കേഡല്‍ സമ്മതിച്ചു.