വയറിളക്കം ബാധിച്ച് രണ്ടു വയസുകാരന്‍ മരിച്ചു; ഷിഗല്ല ബാധയെന്ന് സംശയം;നിപയ്ക്ക് പിന്നാലെ കോഴിക്കോട് ‘ഷിഗെല്ല’ വൈറസ്

  • Post category:news
  • Reading time:1 min read
You are currently viewing വയറിളക്കം ബാധിച്ച് രണ്ടു വയസുകാരന്‍ മരിച്ചു; ഷിഗല്ല ബാധയെന്ന് സംശയം;നിപയ്ക്ക് പിന്നാലെ കോഴിക്കോട് ‘ഷിഗെല്ല’ വൈറസ്

കോഴിക്കോട്: വയറിളക്കം ബാധിച്ച് രണ്ടു വയസുകാരന്‍ മരിച്ചു. പുതുപ്പാടി തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. മരണകാരണം ഷിഗല്ല ബാധയെന്നാണ് നിഗമനം. വയറിളക്കത്തെത്തുടര്‍ന്ന് രണ്ട് ദിവസമായി കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിയാനിന്റെ ഇരട്ട സഹോദരന്‍ ഫയാനും ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിളക്കത്തെ തുടര്‍ന്ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളെ രോഗം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. വയറിളക്കത്തിനു പുറമെ വയറു വേദനയും ഛര്‍ദിയും ശരീരത്തിനു ചൂടും കാണപ്പെടുന്ന ഷിഗല്ല ബാധ കുട്ടികളെയാണു കൂടുതലായി ബാധിക്കുന്നത്. മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിഗെല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനും നിര്‍ദേശമുണ്ട്.

0Shares