ലൈഫ് മിഷന്‍ – പി. എം. എ. വൈ കാസർകോട് ജില്ലയില്‍ ആശ്വാസമേകിയത് 7010 കുടുംബങ്ങള്‍ക്ക്; വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing ലൈഫ് മിഷന്‍ – പി. എം. എ. വൈ കാസർകോട് ജില്ലയില്‍ ആശ്വാസമേകിയത് 7010 കുടുംബങ്ങള്‍ക്ക്; വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു

കാസർകോട്:അന്തിയുറങ്ങാന്‍ ഒരിടമെന്നതിനപ്പുറം ഗുണഭോക്താക്കളെ ഉപജീവനമടക്കമുള്ള എല്ലാ സാമൂഹിക പ്രക്രിയകളിലും പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം റവന്യു -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ലൈഫ് മിഷന്‍-പി. എം. എ വൈ ഗുണഭോക്താക്കളുടെ സംഗമത്തില്‍ എന്‍. എ നെല്ലിക്കുന്ന് എം .എല്‍. എ അധ്യക്ഷത വഹിച്ചു.

എം. എല്‍. എ മാരായ എം. സി കമറുദ്ദീന്‍, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍, മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി. എസ് രഞ്ജിത്, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു എന്നിവര്‍ സംബന്ധിച്ചു. ലൈഫ് മിഷന്‍ ആദ്യഘട്ടത്തിലുള്‍പ്പെട്ട 2936 വീടുകളില്‍ 2877 വീടുകളും പൂര്‍ത്തിയായിട്ടുണ്ട്. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ 38 പഞ്ചായത്തുകളിലായി 2589 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയായി. 774 വീടുകളുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു. ആകെ യോഗ്യരായ 3738 ഗുണഭോക്താക്കളില്‍ നിന്നും 3404 പേരാണ് രേഖകള്‍ കൈമാറി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിട്ടുള്ളത്.

ബാക്കി 41 പേരുടെ ഭൂമി തീരദേശ നിയന്ത്രണ മേഖല, നീര്‍ത്തട പ്രദേശമടക്കമുള്ള സാങ്കേതി പ്രശ്നമുള്ള മേഖലയായതിനാല്‍ നിര്‍മാണമാരംഭിച്ചിട്ടില്ല. പി. എം. എ. വൈ റൂറല്‍ വിഭാഗത്തില്‍ 583 വീടുകളില്‍ 566 വീടുകളും പി. എം. എ. വൈ അര്‍ബന്‍ വിഭാഗത്തില്‍ മൂന്ന് നഗരസഭകളിലായി 1520 വീടുകളില്‍ 978 വീടുകളും നിര്‍മിച്ചിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്ത്-നഗരസഭകളിലെ ഓരോ ഗുണഭോക്താക്കളെ വീതം ചടങ്ങില്‍ ഉപഹാരം നല്‍കി ആരംഭിച്ചു.

പദ്ധതി നടപ്പാക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പനത്തടി, കുറ്റിക്കോല്‍ പഞ്ചായത്തുകളെയും പരപ്പ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തുകളെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളെയും ഉപഹാരം നല്‍കി ആദരിച്ചു. പദ്ധതി ഫലപ്രദമായി നടപ്പാക്കിയ നിര്‍വഹണ ഉദ്യോഗസ്ഥരെയും ചടങ്ങില്‍ ആദരിച്ചു.

ജില്ലയിലെ ഭൂരഹിതരായ ഭവനരഹിതരെ കണ്ടെത്തി പാര്‍പ്പിടം നല്‍കുകയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം. ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ ചട്ടഞ്ചാല്‍ എന്ന സ്ഥലത്ത് കണ്ടെത്തിയ ഭൂമി പൈലറ്റ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഫ്ളാറ്റ് നിര്‍മാണത്തിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നീലേശ്വരം നഗരസഭയില്‍ കോട്ടപ്പുറത്ത് കണ്ടെത്തിയ 50സെന്റ് സ്ഥലത്ത് ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയ നിര്‍മാണത്തിന് പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതിനു പുറമെ ഭവന സമുച്ചയത്തിനായി ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലത്തിന്‍റെ അനുയോജ്യത പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഭൂരഹിത ഭവന രഹിതരായ 12,081 പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും 8751 ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിച്ചതില്‍ 455 പേരെ രണ്ടാംഘട്ടത്തിലേക്ക് മാറ്റുകയും 2730 പേര്‍ മൂന്നാം ഘട്ടത്തിലേക്ക് അര്‍ഹരായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

0Shares