Trending News





ഈ വർഷം ആദ്യം സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരു പൊതുതാൽപര്യ ഹർജി ഇപ്പോൾ രാജ്യവ്യാപകമായി ചർച്ചയാകുകയാണ്. പൊതുഫണ്ട് ഉപയോഗിച്ച് രാഷ്ട്രീയക്കാർ വോട്ടർമാർക്ക് സൗജന്യ സമ്മാനങ്ങൾ നൽകുന്നതാണ് വിഷയം. ഇത് വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമാകില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി ഇല്ലാതാകുമെന്നും ഹർജിയിൽ പറയുന്നു. വോട്ടിന് വേണ്ടി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സംസ്‌കാരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രാജ്യത്തിൻ്റെ വികസനത്തിന് അത്യന്തം അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Also Read
തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാർക്ക് ഇത്തരം സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നത് പതിറ്റാണ്ടുകളായി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകർ ചെയ്തു വരുന്ന കാര്യമാണ്. പണം മുതൽ മദ്യം, വീട്ടുപകരണങ്ങൾ, സ്‌കോളർഷിപ്പുകൾ, സബ്‌സിഡികൾ, ഭക്ഷ്യധാന്യങ്ങൾ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജെ.ജയലളിത ഇത്തരം സൗജന്യ
വാഗ്ദാനങ്ങൾക്ക് തുടക്കം കുറിച്ചവരിൽ ഒരാളായിരുന്നു. സൗജന്യ വൈദ്യുതി, മൊബൈൽ ഫോണുകൾ, വൈഫൈ കണക്ഷനുകൾ, സബ്‌സിഡിയുള്ള സ്‌കൂട്ടറുകൾ, പലിശരഹിത വായ്പകൾ, ഫാനുകൾ, മിക്‌സർ-ഗ്രൈൻഡറുകൾ, സ്‌കോളർഷിപ്പുകൾ എന്നിങ്ങനെ പലതും അവർ വോട്ടർമാർക്ക് വാഗ്ദാനം ചെയ്തു. ജയലളിത ആരംഭിച്ച അമ്മ കാന്റീൻ ശൃംഖലയും വൻ വിജയമായിരുന്നു.
സൗജന്യ ടെലിവിഷൻ
തമിഴ്‌നാട്ടിൽ ഡിഎംകെയും ഇത്തരം സൗജന്യ വാഗ്ദാനങ്ങളിൽ ഒട്ടും പിന്നിലായിരുന്നില്ല. 2006-ൽ, ജനങ്ങൾക്ക് സൗജന്യ കളർ ടെലിവിഷൻ സെറ്റുകളും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പാചക വാതക കണക്ഷനുകളും നൽകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തു. 2011 ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം സൗജന്യ കളർ ടിവി വിതരണം ജയലളിത നിർത്തിവെച്ചു.
വോട്ടിന് പണം, വിക്കിലീക്‌സ് വെളിപ്പെടുത്തൽ
2011 -ലാണ് തമിഴ്‌നാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഡിഎംകെ പ്രവർത്തകർ തിരഞ്ഞെടുപ്പ് നിയമം ലംഘിച്ചെന്ന വിക്കിലീക്‌സ് വെളിപ്പെടുത്തൽ വലിയ കോളിളക്കം സൃഷ്ടിച്ചത്. 2009-ലെ തിരുമംഗലം ഉപതിരഞ്ഞെടുപ്പിലായിരുന്നു സംഭവം നടന്നത്.
സൗജന്യ ലാപ്ടോപ്പ്
2013-ൽ ഉത്തർപ്രദേശിലെ അഖിലേഷ് യാദവ് സർക്കാർ വിദ്യാർത്ഥികൾക്കായി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ 15 ലക്ഷം ലാപ്‌ടോപ്പുകളാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തത്.
സൗജന്യ വൈദ്യുതി
കർഷകർക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്തതും മറ്റു പല ഘടകങ്ങളുമാണ് 1997 -ൽ, പഞ്ചാബിൽ ശിരോമണി അകാലിദൾ അധികാരത്തിൽ വരാൻ കാരണമായത്. 2002 ൽ അമരീന്ദർ സിങ്ങിൻ്റെ നേതൃത്വത്തിൽ അധികാരമേറ്റ കോൺഗ്രസ് മന്ത്രിസഭ സൗജന്യ വൈദ്യുതി നിർത്തലാക്കിയെങ്കിലും ഏതാനും വർഷങ്ങൾക്ക് ശേഷം പദ്ധതി വീണ്ടും ആരംഭിച്ചു.
ആം ആദ്‌മിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ
അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടി ഇത്തരം സൗജന്യ വാഗ്ദാനങ്ങളുടെ വക്താക്കളാണ്. 2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വൈദ്യുതി ബില്ലിൽ 50 ശതമാനം കുറവുണ്ടാകുമെന്നും എല്ലാ വീട്ടിലും പ്രതിദിനം 700 ലിറ്റർ സൗജന്യ വെള്ളം നൽകുമെന്നും എഎപി വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പു വാഗ്ദാനത്തിൽ പറഞ്ഞിരുന്നതു പോലെ, പഞ്ചാബിലെ എഎപി സർക്കാർ ജൂലൈ ഒന്ന് മുതൽ എല്ലാ വീടുകളിലും 300 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നൽകാനും ആരംഭിച്ചിരുന്നു.
ചന്ദ്രനിലേക്കുള്ള സൗജന്യ യാത്ര
കഴിഞ്ഞ വർഷത്തെ തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ, ദക്ഷിണ മധുരൈ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച തുലാം ശരവണൻ വോട്ടർമാർക്ക് ചന്ദ്രനിലേക്ക് 100 ദിവസത്തെ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഐഫോണുകൾ, വീട്ടുജോലികളിൽ സഹായിക്കാൻ വീട്ടമ്മമാർക്ക് റോബോട്ടുകൾ, എല്ലാവർക്കും നീന്തൽക്കുളങ്ങളുള്ള മൂന്ന് നില വീടുകൾ എന്നിവയും ശരവണൻ വാഗ്ദാനം ചെയ്തിരുന്നു. മിനി ഹെലികോപ്റ്ററുകൾ, പെൺകുട്ടികളുടെ വിവാഹത്തിന് 100 പവൻ സ്വർണം, ഓരോ കുടുംബത്തിനും ഒരു ബോട്ട്, യുവാക്കൾക്ക് ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ 50,000 രൂപ തുടങ്ങിയവ ആയിരുന്നു മറ്റു വാഗ്ദാനങ്ങൾ. എന്നാൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.

Sorry, there was a YouTube error.