കോഴിക്കോട്: മാന്‍ഹോളില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മരണപ്പെട്ട ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി. നൗഷാദ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് ഭാര്യ സഫ്രീനയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ലഭിക്കുന്നത്. 2015 നവംബര്‍ 26 നാണ് കോഴിക്കോട് കണ്ടംകുളത്തിനടുത്ത് മാന്‍ഹോളില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നിനിടെ മാളിക്കടവ് നൗഷാദ് (33) മരിച്ചത്.


രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍വെടിഞ്ഞ നൗഷാദിനെ ഏറെ പ്രകീര്‍ത്തിക്കുകയും അയാളുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. മന്ത്രിസഭയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ് സഫ്രീനയെ ക്ലാര്‍ക്കായി നിയമിക്കുന്നത്. വെള്ളിയാഴ്ച്ചയാണ് ഇതു സംമ്പന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ക്ലാര്‍ക്ക് പോസ്റ്റില്‍ ഇനി വരുന്ന ഒഴിവിലേക്ക് നൗഷാദിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.