
മലപ്പുറം: മാവോയിസ്റ്റുകൾ നമ്മോട് ഉയർത്തുന്ന സാമൂഹികപ്രശ്നങ്ങൾ, അവർ ഉയർത്തുന്നു എന്നതിനാല്‍ മാത്രം കണ്ടില്ലെന്ന്‍ നടിക്കാനാവില്ലെന്നും എന്നാല്‍, അവരുടെ മാർഗത്തെ സി.പി.ഐ അംഗീകരിക്കുന്നില്ല എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതോടൊപ്പം വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും അംഗീകരിക്കുന്നില്ല. പാലക്കാട് ജില്ലയിലെ നിലമ്പൂരിൽ മുന്‍പ് രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടപ്പോൾ വ്യാജ ഏറ്റുമുട്ടൽ സംശയം ഉയർന്നിരുന്നു.

അതില്‍ സുപ്രീം കോടതി നിർദേശം അനുസരിച്ചുള്ള മജിസ്ട്രേറ്റ്തല അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വയനാട്ടിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉടനെത്തന്നെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്‍റെ അന്വേഷണ റിപ്പോർട്ട് വരുമ്പോൾ ബാക്കി കാര്യങ്ങൾ പറയാമെന്നും കാനം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിൽ സി.പി.ഐ പിന്താങ്ങുന്നത് അക്രമരാഷ്ട്രീയത്തെയല്ലെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയെയാണെന്നും കാനം പറഞ്ഞു. സി.പി.എം തന്നെ അക്രമത്തെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അക്രമത്തിലുൾപ്പെട്ടവരെ പുറത്താക്കിയിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വനം – പരിസ്ഥിതിനിയമങ്ങൾ ലംഘിച്ചതായും കയ്യേറ്റം നടത്തിയതായും ആക്ഷേപം നേരിടുന്ന പി.വി.അൻവർ പൊന്നാനിയിൽ ഇടതുസ്ഥാനാർത്ഥിയാകുന്നത് എന്ത് സന്ദേശമാണ് നൽകുന്നത് എന്ന ചോദ്യത്തിന്, തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയ മത്സരിക്കാൻ പാടില്ലാത്തവരുടെ പട്ടികയിൽ അന്‍വർ ഉൾപ്പെട്ടിട്ടില്ലെന്നായിരുന്നു കാനത്തിന്‍റെ മറുപടി.
