കാസര്‍കോട്: കാസര്‍കോട് തുറമുഖത്തെ പുലിമുട്ടിനിടയിലെ മണല്‍ നീക്കാനുള്ള 50 ലക്ഷം രൂപയുടെ പദ്ധതി നിര്‍ത്തിവച്ചു. വടക്കേ പുലിമേട്ടിനോട് ചേര്‍ന്നുള്ള അഴിമുഖം അടച്ച ശേഷം പുലിമേട്ടിനിടയിലെ മണല്‍ നീക്കാനായിരുന്നു പദ്ധതി. ഇതിനായി പുഴയുടെ ഭാഗത്തുനിന്ന് മണല്‍ അഴിമുഖത്ത് എടുത്തിട്ടെങ്കിലും കടലേറ്റത്തില്‍ ഈ മണല്‍ അത്രയും ഒലിച്ച് പഴയസ്ഥലത്തുതന്നെ എത്തി. മണല്‍ച്ചാക്ക് നിറച്ച് താത്കാലിക തടയണകെട്ടി മണലൊഴുക്ക് തടയാന്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പുഴയുടെ വടക്കു ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് ബണ്ടുകെട്ടി അഴിമുഖം അടക്കാനുള്ള പുതിയ പദ്ധതി തയ്യാറാക്കി.

മണലിടിയുന്നത് കാരണം ബോട്ടുകള്‍ക്ക് സുഖമമായി കടലില്‍ പോവാന്‍ സാധിക്കാത്തതിനാലാണ് പുലിമുട്ടില്‍ നിന്ന് മണല്‍ നീക്കാന്‍ തീരുമാനമായത്. ഒരുമാസം മുമ്പാണ് പുലിമുട്ടിലെ മണല്‍ നീക്കാനും വടക്കേ അഴിമുഖം അടയ്ക്കാനുമുള്ള ഡ്രഡ്ജിങ് തുടങ്ങിയത്. അഴിമുഖം അടച്ചാല്‍ പുലിമുട്ടിനിടയിലൂടെ ഒഴുക്ക് ശക്തിപ്പെടുമെന്നും മണല്‍ അടിയുന്നത് ഒഴിവാകുമെന്നുമുള്ള പ്രതീക്ഷയിലാണ് അവിടെ മണലെടുത്തിടാന്‍ ശ്രമിച്ചത്. ഏറെ മുന്നൊരുക്കത്തോടെയാണ് കരാറുകാരന്‍ പണി തുടങ്ങിയത്. എന്നാല്‍ വേലിയേറ്റം കാരണം ഏതാനും ദിവസത്തിനുള്ളില്‍ മണന്‍ നീക്കുന്നത് അവതാളത്തിലായി. ഇതെ തുടര്‍ന്ന് പണി നിര്‍ത്തലാക്കുകയും പദ്ധതി ഉപേക്ഷിച്ച് പണിസാമ്രഗികളുമായി കരാരുകാര്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. പുലിമുട്ടുകള്‍ക്കിടയിലെ വീതി കുറഞ്ഞതാണ് അടിസ്ഥാന പ്രശ്‌നമെന്നാണ് നിത്യേന കടലില്‍ പോകുന്ന മീന്‍പിടിത്തക്കാര്‍ പറയുന്നു.