പൊരുതി നേടിയ ഉജ്ജ്വല വിജയം

  • Post category:news
  • Reading time:2 mins read
You are currently viewing പൊരുതി നേടിയ ഉജ്ജ്വല വിജയം

എഡിറ്റോറിയല്‍: കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പോലീസ് സേനയുടെ സാരഥി നിയമ യുദ്ധത്തിലൂടെ സര്‍ക്കാറിനെ മുട്ടുകുത്തിക്കുന്നത്. സമീപകാലത്ത് കേരളത്തിനകത്തും പുറത്തും വാര്‍ത്താ മാധ്യമങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിച്ച മറ്റൊരു സംഭവം ഉണ്ടാകില്ല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആറാംനാള്‍ സംസ്ഥാന പോലീസ് മേധാവി പദത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ടി.പി സെന്‍കുമാര്‍, തന്നെ സ്ഥാന ഭ്രഷ്ടനാക്കിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കൊണ്ടും നീതി നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും സുപ്രീ കോടതിയെ ശരണം പ്രാപിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ പതിനൊന്ന് മാസമായി സെന്‍കുമാര്‍ നടത്തിയ നിയമപോരാട്ടം പൊതു സമൂഹത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. വസ്തവത്തില്‍ ഇത് അദ്ദേഹത്തിന്റെ ഒരു ധര്‍മ്മ യുദ്ധം കൂടിയായിരുന്നു. സെന്‍കുമാറിനെ ഡി.ജി.പിയായി പുനര്‍നിയമിക്കാന്‍ ഏപ്രില്‍ 24 നാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം ഉത്തരവിട്ടത്. ഇടത് സര്‍ക്കാരിന്റെ കണ്ണിലെ കരടായ സെന്‍കുമാറിന്റെ പുനര്‍നിയമനം നീട്ടിക്കൊണ്ടുപോകാനും മുട്ടു ന്യായങ്ങള്‍ നിരത്താനുമാണ് മുഖ്യമന്ത്രി തുനിഞ്ഞത്. സുപ്രീംകോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ തിരിച്ചടികളില്‍ നട്ടം തിരിഞ്ഞ സര്‍ക്കാര്‍ ഒടുവില്‍ സെന്‍കുമാറിനു മുന്നില്‍ കീഴടങ്ങുന്ന കാഴ്ച്ചയാണ് കേരളീയ സമൂഹം കഴിഞ്ഞ ദിവസം കണ്ടത്.

സെന്‍കുമാറിനെ വീണ്ടും ഡി.ജി.പി യായി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ മനസ്സില്ലാ മനസ്സോടെ ഒപ്പിടേണ്ടി വന്ന പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ ഒരു അടി തന്നെയാണ് ഈ സംഭവം. സുപ്രീംകോടതി വിധിയില്‍ നിന്ന് വഴുതിമാറാന്‍ പരമാവധി ശ്രമിച്ച സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുന്ന ദൃശ്യമാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച ടി.പി സെന്‍കുമാറിന്റെ ആത്മവീര്യം കെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പ്രബുദ്ധരായ ജനങ്ങള്‍ മാനസികമായി ചെറുത്തുനിന്ന കാഴ്ചയും നമ്മുടെ നാട്ടിലുണ്ടായി. സത്യസന്ധതയും ആത്മാര്‍ത്ഥതയും നിഷ്പക്ഷതെയും കര്‍മ്മ നൈപുണ്യവും കൈമുതലായ ടി.പി സെന്‍കുമാറിനെ പോലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ഏതൊരു സര്‍ക്കാറിനും ഏറ്റവും വലിയ മുതല്‍ കൂട്ടായിരിക്കും. അത്തരം ഓജസ്സും നന്മയും കരുത്തുമുള്ള വ്യക്തിത്വങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരെ ഒറ്റപ്പെടുത്താനും അവഗണിക്കാനും ആത്മവീര്യം കെടുത്താനും തേജോവധം ചെയ്യാനും ഭരണകൂടം ശ്രമിക്കുന്നത് ഒരുതരത്തിലും നീതീകരിക്കാന്‍ സാധിക്കില്ല. ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ ഗുണപാഠം പഠിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. മഹാഭാരതത്തില്‍ പറഞ്ഞതുപോലെ ആയിരം സ്വര്‍ണ്ണപാത്രങ്ങള്‍ കൊണ്ട് മൂടി വെച്ചാലും ഒടുവില്‍ സത്യം മറനീക്കി പുറത്തു വരിക തന്നെ ചെയ്യും. ‘സത്യമേവ ജയതേ…’

0Shares