
കോഴിക്കോട്: വിദേശങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് പതിവ് സംഭവമാണ്. എന്നാല്‍ പതിവ് കള്ളക്കടത്ത് രീതികളില്‍ നിന്ന് വ്യത്യസ്തമായി നിസ്‌ക്കാര പായയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഏറ്റവും ഒടുവില്‍ പിടികൂടിയിരിക്കുന്നത്. നാല്‍പ്പത് ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണമാണ് കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. നെല്ലിക്കട്ട സ്വദേശി മുഹമ്ദ് ഹാഷിം(24), മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സാക്കിര്‍(23) ഹുസൈന്‍ എന്നിവരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്.

നിസ്‌ക്കാര പായയുടെ അകത്ത് ഷീറ്റായിട്ടാണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുഹമ്മദ് ഹാഷിമില്‍ നിന്നും 688 ഗ്രാമും സാക്കിര്‍ ഹുസൈനില്‍ നിന്ന് 681 ഗ്രാമും സ്വര്‍ണം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവര്‍ നല്‍കിയിരുന്നത്. രണ്ടുപേരും ഒരേ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
