
പീതാംബരൻ കുറ്റിക്കോൽ
ഇരിയണ്ണി (കാസർകോട്): കലോത്സവ പ്രതിഭകളെ വരവേൽക്കാൻ ഇരിയണ്ണിഎന്ന നിത്യ ഹരിതഗ്രാമം അണിഞ്ഞൊരുങ്ങി. ഇനിയുള്ള മൂന്നുനാളുകൾ കൗമാരകലയുടെ വർണ്ണവസന്തം മനുഷ്യ മനസുകളിൽ അലയടിക്കും. പയസ്വിനി പുഴയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങളാൽ പുതപ്പണിഞ്ഞ കാർഷിക പ്രദേശമായ മുളിയാറിലെ സാധാരണക്കാരായ മനുഷ്യർ ഉറക്കമില്ലാതെ രാവും പകലും കലോത്സവത്തിന് ഒരുക്കങ്ങൾ കൂട്ടി. കുരുന്നു കുട്ടികളുടെ സർഗാത്മകത നല്ല നാളേയ്ക്കായി പൂവുകൾ പോലെ വിരിയാൻ കാത്തിരിക്കുകയാണ് ഈ ഗ്രാമം.

സ്വാതന്ത്ര്യ പൂർവ്വനാളുകളിൽ മുളിയാറും അസമത്വങ്ങൾക്കെതിരെ പുതിയ വിപ്ലവവീര്യം രചിച്ച ചരിത്രവും ഈ നാടിനുണ്ട്. കാട്ടിൽ നിന്നും തോലും വിറകും ശേഖരിക്കാനുള്ള മനുഷ്യരുടെ മൗലീക അവകാശത്തിനായി കാടകത്ത് നടന്ന വനസത്യാഗ്രഹത്തിന്റെ പേരിൽ മുളിയാറിലും നിരവധി പേരെ പോലീസുകാർ അറസ്റ്റ് ചെയ്ത് മര്ദ്ദിച്ചിരുന്നു. ജന്മി- നാടുവാഴിത്വത്തിനെതിരെയും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും നിരവധി പോരാട്ടങ്ങൾ നടന്ന നാടാണ് മുളിയാർ. ജാതി ചിന്ത കൊടികുത്തി വാണകാലത്ത് എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയാത്തപ്പോൾ 1960-കളിൽ ബേപ്പിൽ പന്തിഭോജനം നടത്തി.

1952- ൽ ഇരിയണ്ണിയിൽ എൽ.പി സ്കൂൾ ആരംഭിച്ചു. അടുത്തവർഷം ആദ്യത്തെ ഗ്രാമീണ വായനശാല തുറന്നു. സമീപ പ്രദേശങ്ങളിൽ നിശാപാഠശാലകൾ ആരംഭിച്ച് കർഷകരെ എഴുത്തും വായനയും പഠിപ്പിച്ചു. കൂടാതെ പീപ്പിൾസ് എഡ്യൂക്കേഷണൽ സൊസൈറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്നും അമ്പത് രൂപ ഷെയർ വാങ്ങിച്ച് സ്കൂൾ കെട്ടിടമുണ്ടാക്കിയതോടെ നിരവധി ആളുകൾക്ക് അറിവിന്റെ വാതായനം തുറന്നുകിട്ടുകയും ചെയ്തു.

മുളിയാറിന്റെ മടിത്തട്ടായ ഇരിയണ്ണിയുടെ ചേറിലും ചൊരിമണലിലും ചോരപുരണ്ട പഴയയൊരു കാലമുണ്ടായിരുന്നു. കുന്നിൻ ചെരിവുകളിലും താഴ്വാരങ്ങളിലും പാടങ്ങളിലും പറമ്പുകളിലും സ്വാതന്ത്ര്യ സമരത്തിന്റെയും കമ്മ്യൂണിസ്റ്റ് – കർഷക പ്രസ്ഥാനങ്ങളുടെയും ചൂടും ചൂരും പകർന്ന അരനൂറ്റാണ്ടു മുമ്പത്തെ കർഷക- തൊഴിലാളികകള്ക്ക് നേരിട്ട അടിച്ചമർത്തലുകളുടെയും ദാരിദ്ര്യത്തിന്റെയും തിക്താനുഭവങ്ങൾ നാടിന്റെ ചരിത്രമാണ്. പുതിയ തലമുറകൾക്ക് അത് പഠിച്ചുകൊണ്ട് മാത്രമേ മുന്നോട്ടു പോകാനാകൂ. പൂർവികരുടെ അതിജീവന വിയർപ്പിന്റെ കല്ലുപ്പിൽ ചവുട്ടി നിന്നാണല്ലോ നാം പുതിയ കാലത്തെ ജീവിത സ്വപ്നങ്ങൾ തുന്നിച്ചേർത്തുകൊണ്ടിരിക്കുന്നത്.
