കാസര്‍കോട്: നാടെങ്ങും ഓണാഘോഷ ലഹരിയിലേക്ക് നീങ്ങുമ്പോള്‍ പൂവിടാനും പൂക്കള്‍ പെറുക്കാനും തയ്യാറാകാതെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് നാടിന്റെ തന്നെ നൊമ്പരമായ ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആല്‍ഫി മാര്‍ട്ടിന്റെ ബോധം തിരിച്ചു കിട്ടുന്നതിനുവേണ്ടിയാണ് പ്രിയ കൂട്ടുകാര്‍ ഒന്നടങ്കം ഇക്കുറി ആഘോഷം ഒഴിവാക്കി കാത്തിരിക്കുന്നത്. ആശുപത്രികിടക്കയില്‍ കിടന്ന് മരണത്തോട് മല്ലിടുന്ന വിദ്യാര്‍ഥിനിയുടെ ഈ അവസ്ഥ കാണുമ്പോള്‍ ആര്‍ക്കാണ് ആഘോഷങ്ങളില്‍ പങ്കുചേരാനാവുക. ഈമാസം 31 നാണ് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണമാഘോഷിക്കാന്‍ നിര്‍ദേശിച്ചിരുന്നത്. സഹപാഠിയുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഓണാഘോഷം മാറ്റി വക്കാനുള്ള സ്‌കൂളിന്റെ തീരുമാനത്തില്‍ രക്ഷിതാക്കളും പങ്കുചേര്‍ന്നു. അതോടെ ഓണമുപേക്ഷിച്ച് പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം വേദന പങ്കിടാന്‍ നാടൊരുമിക്കുകയായിരുന്നു.
കരിവേടകത്തെ ആലുങ്കാല്‍ മാര്‍ട്ടിന്‍-മിനി ദമ്പതികളുടെ മകളായ ആല്‍ഫി മാര്‍ടിനാണ് കാറിടിച്ച് പരിക്കേറ്റത്. ഈ മാസം രണ്ടിന് ക്ലാസ് കഴിഞ്ഞ് ഇരിയണ്ണിയില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ആല്‍ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോട്കൂടിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആല്‍ഫി ഏതാനും ശസ്ത്രക്രിയകള്‍ക്ക് വിധേയയായി കഴിഞ്ഞു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ് ഇതിനോടകം തന്നെ നാലു ലക്ഷത്തിലധികം രൂപ ചെലവായിക്കഴിഞ്ഞു. ഇരിയണ്ണിയില്‍ സ്‌കൂള്‍ അധ്യാപകര്‍, പി.ടി. എ, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടു കൂടിയാണ് ഇതുവരെ ചികിത്സ നടത്തിയത്. തലച്ചേറിനാണ് മാരകമായ പരുക്കേറ്റിരിക്കുന്നത്. സാധാരണ സ്ഥിതിയിലേക്ക് മടങ്ങാന്‍ ഇനിയും ആഴ്ചകള്‍ തന്നെ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കെ കുഞ്ഞിരാമന്‍ എം.എല്‍.എ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട് . കേരള ഗ്രാമീണ ബാങ്ക് ബന്തടുക്ക ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 404 201 01026829 ഐ എഫ് എസ് കോഡ്: കെ എല്‍ ജി ബി 0040420.
