ജില്ലാ കലോത്സവ വിധി നിർണയത്തിൽ പരക്കെ പരാതി; ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജൂറിമാർ നുഴഞ്ഞു കയറി

  • Post category:news
  • Reading time:1 min read
You are currently viewing ജില്ലാ കലോത്സവ വിധി നിർണയത്തിൽ പരക്കെ പരാതി; ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജൂറിമാർ നുഴഞ്ഞു കയറി

കാസർകോട്: ജില്ലാ കലോത്സവം ഇരിയണ്ണിയുടെ സംഘാടക മികവിലൂടെ ജനകീയ ആഘോഷമാക്കിയപ്പോൾ വിധി നിർണയത്തിൽ പരക്കെ പരാതി. മത്സരങ്ങൾ മിക്കതും വളരെ വൈകി തുടങ്ങിയതും പ്രോഗ്രാം കമ്മിറ്റിയുടെ നടത്തിപ്പിലെ വീഴ്ചകളും മേളയുടെ പൊലിമ കുറച്ചു. മത്സരങ്ങൾ തുടങ്ങാൻ വൈകിയപ്പോൾ മത്സരാർത്ഥികൾ സ്റ്റേജിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

രണ്ടുദിവസങ്ങളിലും പുലർച്ചെ രണ്ടുമണിയോടെയാണ് മത്സരങ്ങൾ അവസാനിച്ചത്. കലാപരിപാടികളെ കുറിച്ചുള്ള ധാരണ കുറവും പ്രോഗ്രാം ചുമതലയിലെ വീഴ്ച്ചകളും കാരണം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. ഭരതനാട്യത്തിൽ റിപ്പോർട്ട് ചെയ്ത യു.പി വിഭാഗം പിഞ്ചുകുട്ടികൾ അണിഞ്ഞൊരുങ്ങി എത്തിയിട്ടും കോഡ് നമ്പർ സ്വീകരിക്കാൻ വൈകിയെന്നാരോപിച്ച് വേദി അഞ്ചിലെ ഡ്യൂട്ടി അധ്യാപകർ ഇറക്കിവിട്ടു. കരഞ്ഞിറങ്ങിയ കുട്ടികൾ കുഴഞ്ഞുവീണു.

ചിലങ്ക അഴിപ്പിക്കല്ലേ സാർ… രക്ഷിതാക്കളും സംഘാടകരും വേദി 5 ൽ നടന്ന തർക്കം

 

ഒന്നാം സ്ഥാനം ലഭിക്കേണ്ടവർക്ക്‌ മൂന്നും നാലും സ്ഥാനങ്ങൾ നൽകി അവഗണിച്ചതായും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജൂറിമാർ നുഴഞ്ഞു കയറിയതായും ആക്ഷേപമുയർന്നു. മേള നടത്തിപ്പിലും വിധിനിർണയത്തിലും വ്യാപക പരാതികളാണ് ഉയർന്നത്. നൃത്തയിനങ്ങളിൽ ജില്ലകാരനായ ഒരാൾ വിധിനിർണ്ണയിച്ചതും രക്ഷിതാക്കൾ ചോദ്യം ചെയ്തു. ഇയാൾക്കെതിരെ ചില സ്കൂളുകളും പരാതിയുമായി എത്തിയിരുന്നു.

മൂന്നുദിവസങ്ങളിലായി നിരവധി പരാതികളാണ് പ്രോഗ്രാം കമ്മറ്റിക്ക് ലഭിച്ചത്. മോഹിനിയാട്ടം, കുച്ചുപ്പുടി, യു.പി, ഹൈസ്കൂൾ നാടകങ്ങൾ ഹൈസ്കൂൾ പദ്യം ചൊല്ലൽ, നാടൻപാട്ട് തുടങ്ങി ഡി.ഡി.ഇ ക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. നാടൻപാട്ടിൽ പരിശീലകൻ ജൂറിയെ സ്വാധീനിച്ചതായും ഗ്യാസ്ട്രബിൾ വന്ന് അസ്വസ്ഥനായ വിധികർത്താവിനെ മറ്റ് രണ്ടുപേർ ആശ്വസിപ്പിച്ചുകൊണ്ടിരുന്നിട്ട് ജൂറികൾപാട്ട് ശ്രദ്ധിച്ചില്ലെന്നും കുട്ടികൾ പരാതിപ്പെട്ടു.

വിധികർത്താക്കളിൽ പലർക്കും മത്സരയിനങ്ങളിൽ അവഗാഹമുണ്ടായിരുന്നില്ല. കാര്യം മനസിലാക്കിയ രക്ഷിതാക്കൾ പലരും പൊട്ടിത്തെറിച്ചു. കന്നട നാടകത്തിൽ ഭാഷ അറിയാത്തവരെ വിധിനിർണയത്തിനിരുത്തിയത് വിരോധാഭാസമാണ്. കുട്ടികളുടെ മേളയാണെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുന്നതും കുഞ്ഞുതുമ്പികളെ കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണതയും ഇനിയെങ്കിലും നിർത്തണം എന്നാണ് പൊതുവായി ഉയരുന്ന അഭിപ്രായം.

0Shares