ചൂട് കൂടുന്നു; കാസര്‍കോട് ഒരേ സമയം ഏഴിടത്തു തീപിടത്തം.

  • Post category:news
  • Reading time:1 min read
You are currently viewing ചൂട് കൂടുന്നു; കാസര്‍കോട് ഒരേ സമയം ഏഴിടത്തു തീപിടത്തം.

കാസര്‍കോട്: വേനല്‍ കാലം എത്തും മുന്‍പേ ചൂട് ക്രമാതീതമായി ഉയരുന്നതിനാല്‍ കാസര്‍കോട് തീപിടിത്തം വ്യാപകമാവുന്നു. അനന്തപുരത്തെ 50 ഏക്കര്‍ ഭൂമിയിലുണ്ടായ തീപിടിത്തം ഉള്‍പ്പെടെ പെര്‍ള, ഉക്കിനടുക്ക, മജല്‍, കൊല്ലങ്കാനം, പൊയിനാച്ചി, തളങ്കര പള്ളിക്കല്‍ എന്നിവിടങ്ങളില്‍ ഒരേ സമയം തീപിടിത്തം ഉണ്ടായത് ഫയര്‍ഫോഴ്‌സിന് ഏറെ ബുദ്ധിമുട്ടിലാഴ്ത്തി. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നതിനാല്‍ കുറ്റിക്കാടുകളും മാലിന്യങ്ങളും ഉണങ്ങിയതിനാലാണ് ചെറിയ അശ്രദ്ധ പോലും വലിയ തീപ്പിടിത്തത്തിലേക്ക് നീങ്ങുകയാണെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്.

കൃഷിയിടങ്ങളിലും മറ്റും കര്‍ഷകര്‍ ചപ്പു ചവറുകള്‍ക്ക് തീയിടുന്നതും മാലിന്യവും മറ്റും അശ്രദ്ധയോടെ കത്തിക്കുന്നതും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതുമാണ് വലിയ തീപിടിത്തത്തിലേക്ക് നയിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ തീപിടിത്തം ഉണ്ടാവുമ്പോള്‍ തീയണക്കാനായി ടാങ്കിലെ വെള്ളം തീര്‍ന്നാല്‍ കിലോമീറ്ററുകള്‍ ഓടേണ്ട അവസ്ഥയാണ് ഫയര്‍ഫോഴ്‌സിന്. തീപിടിത്തം തുടര്‍ക്കഥയായതോടെ ഫയര്‍ഫോഴ്‌സിന്റെ കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് യൂണിറ്റുകള്‍ ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്.

0Shares