കൊച്ചി ബിനാലെയ്ക്ക് ഇന്ന് തിരി തെളിയും.

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി ബിനാലെയ്ക്ക് ഇന്ന് തിരി തെളിയും.

കൊച്ചി: അനന്തപുരിക്ക് ഇത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ആഹ്ളാദ ദിനരാത്രങ്ങളാണെങ്കില്‍ അറബിക്കടലിന്റെ റാണിക്ക് ഇനി കലയുടെ മായിക പ്രപഞ്ചം ഉണര്‍ത്തുന്ന നാളുകള്‍… കലയുടെ പത്മദളങ്ങള്‍  വിടര്‍ത്തുന്ന കീര്‍ത്തിപൂണ്ട കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്നു തുടക്കം കുറിക്കുന്നു. 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കലാകാരന്‍മാര്‍ അണിചേര്‍ന്ന് വര്‍ണ്ണ വിസ്മയങ്ങളുടെ മായാജാലം വിരചിക്കുന്ന ബിനാലെ 12 വേദികളിലായി അരങ്ങേറും.

കലയുടെ ജനകീയതയെന്ന സന്ദേശ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച ബിനാലെയ്ക്ക് ‘കൃഷ്ണമണിയുടെ മൂര്‍ത്ത ഭാവങ്ങള്‍’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. നാടെമ്പാടുമുള്ള കലാകാരന്‍മാര്‍ക്കും കലാസ്വാദകര്‍ക്കും ഗവേഷകര്‍ക്കും ഒത്തുചേരാനുള്ള സുവര്‍ണ്ണാവസരമാണിത്.  മുന്‍ വര്‍ഷങ്ങളില്‍ അരങ്ങേറിയ ബിനാലെയ്ക്ക് ലഭിച്ച സ്വീകാര്യത അതിന്റെ തെളിവാണ്.

ബിനാലെയില്‍ കലയുടെ കമലദളങ്ങള്‍ വിരിയിക്കാന്‍ എത്തുന്ന പ്രശസ്തരായ നൂറോളം കലാകാരന്‍മാരില്‍ 38 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെ മലയാണ്മയുടെ കലാ സാംസ്‌കാരിക മണ്ഡലത്തില്‍ മായാത്ത മുദ്രകള്‍ ചാര്‍ത്തും. വൈകിട്ട് ആറിന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ ബിനാലെയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

0Shares