കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത നിയമന നടപടികൾ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു; പിന്നിൽ ബി.ജെ.പിയുടെ താൽപര്യമെന്ന് ആക്ഷേപം

  • Post category:local news
  • Reading time:1 min read
You are currently viewing കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത നിയമന നടപടികൾ അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നു; പിന്നിൽ ബി.ജെ.പിയുടെ താൽപര്യമെന്ന് ആക്ഷേപം

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: അവിശ്വാസ പ്രമേയത്തിലൂടെ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്തായ പി.ദാമോദരൻ തൊടുപ്പനത്തിനെതിരെ അഴിമതി ആരോപണം. തൊഴിലുറപ്പ് പദ്ധതി ഓഫിസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ (പട്ടികവർഗ സംവരണം), ഓവർസിയർ എന്നിവരുടെ ഓരോ ഒഴിവിലേക്കാണ് അനധികൃതമായി താൽക്കാലിക നിയമനം നടത്താൻ ചട്ടങ്ങൾ പാലിക്കാതെ നടപടിയെടുത്തത്. ഇക്കഴിഞ്ഞ 4, 5 തീയതികളിലായാണ് ഇതിനായി ഇന്റർവ്യൂ നടത്തിയത്. എന്നാൽ ഇന്റർവ്യൂ വിവരം സംബന്ധിച്ച്‌ പത്രപരസ്യത്തിൽ അപേക്ഷകരുടെ യോഗ്യത നിഷ്കർഷിക്കാതെ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചെന്നാണ് ആക്ഷേപം. യോഗ്യത ഇല്ലാത്ത സ്വന്തക്കാരനെ നിയമിക്കാൻ വേണ്ടി സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടെന്ന ആരോപണവുമായി ഇതിനകം ചിലർ രംഗത്ത് വന്നിട്ടുണ്ട്. ഗ്രാമ പഞ്ചായത്തു ഭരണസമിതി തിരഞ്ഞെടുത്ത സബ് കമ്മിറ്റി ആയിരിക്കണം ഇന്റർവ്യൂ നടത്തേണ്ടത്. ആരൊക്കെയാണ് ഇന്റർവ്യൂബോർഡിൽ ഉണ്ടാവേണ്ടതെന്ന് മുൻകൂട്ടി തീരുമാനമെടുക്കണം. എക്സ്പെർട് സമിതിക്കൊപ്പം ഇരിക്കാൻ അവകാശമില്ലാതിരിന്നിട്ടും ഇന്റർവ്യൂ ബോർഡിൽ നുഴഞ്ഞുകയറി കാര്യങ്ങൾ നിയന്ത്രിച്ചതും സംശയം ഉളവാക്കുന്നതാണെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടു.ഒരു സാമ്പത്തിക വർഷം രണ്ടുകോടി അറുപത്തഞ്ചുലക്ഷത്തിന് മുകളിൽ ചിലവഴിച്ചാൽ മാത്രമാണ് പുതിയൊരു ഓവർസിയർ നിയമനം പാടുള്ളു എന്നാണ് നിയമം. തൊഴിലുറപ്പ് വെബ്സൈറ്റിലെ വിവരമനുസരിച്ച്‌ സെപ്തംബർ മാസം വരെ ഒരു കോടിരൂപ മാത്രമാണ് ഈ സാമ്പത്തിക വർഷം ചിലവാക്കിയത്. ഈ സാമ്പത്തികവർഷം അവസാനിക്കാൻ വെറും അഞ്ചുമാസങ്ങൾ മാത്രം ബാക്കിനിൽക്കെ രണ്ട് കോടിക്ക് മുകളിൽ ചിലവാക്കാനാകില്ലെന്ന് ഉറപ്പുണ്ടായിട്ടും എതിർപ്പ് മാനിക്കാതെയുള്ള നിയമനമാണെന്നും പറയുന്നു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസാകുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ പുതിയൊരു നിയമനം മുൻ വൈസ്‌ പ്രസിഡന്റിന്റെയും ഭരണസമിതിയുടെയും സ്വാർത്ഥ താല്പര്യമാണെന്നും ആരോപണമുയർന്നിട്ടുണ്ട്. നിയമന നടപപടി വിവാദമായതോടെ അധികൃതർ തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.

0Shares