
മുളിയാര്‍/ കാസര്‍കോട്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത. കാസർകോട് ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്‍റെ ഭാര്യ റസീന (28) ആണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു പ്രസവത്തിനായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ റസീനയെ പ്രവേശിപ്പിച്ചത്. പള്ളത്തടുക്കയില്‍ ഇബ്രാഹിം- ഹൗവ്വാബി ദമ്പതികളുടെ മകളാണ് റസീന. ആദില്‍ (ഏഴ്), അമാന്‍ (അഞ്ച്) എന്നീ രണ്ട് മക്കളും യുവതിക്കുണ്ട്. ഇത് യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു. പ്രസവവേദനയെ തുടർന്ന് ആശുപത്രി ലേബർ റൂമിൽ പ്രവേശിപ്പിച്ച യുവതി കട്ടിലിൽ നിന്നും താഴെവീണതാണെന്നും പറയപ്പെടുന്നു.

അമിത രക്തസ്രാവമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. കൂട്ടിയെ പുറത്തെടുത്ത് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. യുവതിയെ പെട്ടന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് എത്തിക്കണമെന്നാണ് പറഞ്ഞത്. അതിനാൽ യുവതിയെയും കൊണ്ട് ബന്ധുക്കൾ മംഗലാപുരത്തേക്ക് പുറപ്പെട്ടു. അതിനിടെ യുവതി മരണപ്പെടുകയായിരുന്നു. കാസർകോട്ടുനിന്നും മംഗലാപുരത്തേക്ക് പോകാനുള്ള യാത്ര ദുരിതവും യുവതിയുടെ മരണത്തിന് കാരണമായി എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റോഡ് നന്നാകാത്തതിനാൽ ആംബുലൻസ് യാത്രക്കാർ അടക്കം വലിയ ദുരിതം നേരിട്ടുവരികയാണ്. യുവതിയുടെ മരണത്തിൽ ആശുപത്രിയിലെ വീഴ്ചയും മറ്റും അന്വേഷിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
