
കാസര്‍ക്കോട്: ജില്ലയെ അവഗണിച്ചുകൊണ്ട് സ്റ്റോപ്പ് അനുവദിക്കാതെ ജില്ലയിലൂടെ കടന്നുപോകുന്ന അന്ത്യോദയ എക്സ്പ്രസിനെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ കാസര്‍ക്കോട് വഴി കടന്നുപോകുന്ന ട്രെയിനില്‍ കാസര്‍ക്കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് യാത്രചെയ്യുകയും തുടര്‍ന്ന് കാസര്‍ക്കോട് എത്തുന്നതോടെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയുമായിരുന്നു.

ഇതോടെ റെയില്‍വേ സ്റ്റേഷനില്‍ സജ്ജരായിരുന്ന ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഏറ്റടുത്തു. കാസര്‍കോടിനെ അവഗണിച്ച് യാത്ര തുടരുന്ന അന്ത്യോദയ എക്സ്പ്രെസിനെതിരെ കടുത്ത പ്രതിഷേധമാണ് ജില്ലയില്‍ ഉയര്‍ന്നു വരുന്നത്. ഇതിനിടെയാണ് ലീഗ് പ്രവര്‍ത്തകരുടെ വ്യത്യസ്തമായ പ്രതിഷേധം.
പ്രതിഷേധ സമരത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി.ചെര്‍ക്കള, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, എ.അഹ്മദ് ഹാജി, മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം തുടങ്ങി നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും പങ്കടുത്തു.
