കാസര്‍കോട്: സ്കൂളില്‍ മോഷണം നടത്തിയ ശേഷം കള്ളന്റെ വക കുട്ടികള്‍ക്ക് അച്ചടക്കത്തോടെ പഠിക്കാനും കോപ്പിയടിക്കാതെ പരിക്ഷയെഴുതാനും ക്ലാസ് മുറികള്‍ വൃത്തിയാക്കി സൂക്ഷിക്കാനുമുള്ള ഉപദേശം. ക്രിസ്മസ് ദിനത്തില്‍ കാസര്‍കോട്ടെ മഡോണ എയിഡഡ് യുപി സ്കൂളിലാണ് സംഭവം അരങ്ങേറിയത്. ഒരാഴ്ച്ചക്കിടെ ഇത് മൂന്നാം തവണയാണ് മഡോണ സ്കൂളില്‍ മോഷണം നടക്കുന്നത്.

കാരുണ്യ പ്രവര്‍ത്തനത്തിനായി കുട്ടികള്‍ സൂക്ഷിച്ചു വച്ച പെട്ടികളിലെ പണവും ലാപ്ടോപ്പും ക്യാമറയും ഉള്‍പ്പെടെ മോഷ്ടിച്ച ശേഷമാണ് ക്ലാസ്മുറികളില്‍ ബെഞ്ചിന് മുകളിലും ചുമരിലുമായി കുട്ടികള്‍ക്കുള്ള ഉപദേശം എഴുതി വച്ച് കള്ളന് മടങ്ങിയത്. മോഷണം തുടര്‍ക്കഥയായതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
