ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൽ.ഡി.എഫ് മണ്ഡലം കണ്‍വെൻഷനുകളിലേക്ക്; വട്ടിയൂര്‍ക്കാവില്‍ കോടിയേരിയും കോന്നിയില്‍ പിണറായിയും പങ്കെടുക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; എൽ.ഡി.എഫ് മണ്ഡലം കണ്‍വെൻഷനുകളിലേക്ക്; വട്ടിയൂര്‍ക്കാവില്‍ കോടിയേരിയും കോന്നിയില്‍ പിണറായിയും പങ്കെടുക്കും

ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കമിട്ട് എൽ.ഡി.എഫ് മണ്ഡലം കണ്‍വെൻഷനുകൾ ഇന്ന് മുതൽ ആരംഭിക്കും. അരൂർ, കോന്നി മണ്ഡലം കണ്‍വെൻഷനുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ആദ്യമെ സ്ഥാനാ‍ർത്ഥികളെ ഇറക്കാൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് സി.പി.എം. പാലാ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പശ്ചാത്തലത്തിൽ വർദ്ധിത ആവേശത്തിലാണ് സി.പി.എം. ഉപതെരഞ്ഞെടുപ്പ് കിക്കോഫിന് തൊട്ട് പിന്നാലെയുള്ള ആദ്യ ഗോളിലെ ആവേശം ബൂത്ത് തലം വരെ പ്രകടമാണ്.

കണ്‍വെൻഷനുകളിലേക്ക് കടക്കുന്നതോടെ അ‍ഞ്ചിടത്തും എൽ.ഡി.എഫും സജ്ജമാകും. വട്ടിയൂർക്കാവ് കണ്‍വെൻഷനിൽ കോടിയേരി ബാലകൃഷ്ണനും കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. തിങ്കളാഴ്ച്ച അരൂരിലും പിണറായി എത്തും. എറണാകുളത്ത് എ. വിജയരാഘവനും, മഞ്ചേശ്വരത്ത് മന്ത്രി ഇ. ചന്ദ്രശേഖരനും കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന തെരഞ്ഞെടുപ്പിൽ ജനം എൽ.ഡി.എഫിനൊപ്പമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ തന്നെയാണ് എൽ.ഡി.എഫിന്‍റെ പ്രചാരണായുധം. ശബരിമല വാർഷികത്തിൽ വട്ടിയൂർക്കാവിലടക്കം വിശ്വാസ വിവാദങ്ങൾ വീണ്ടും തേച്ചുമിനുക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ രണ്ട് സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളും മന്ത്രിസഭാംഗങ്ങളും പ്രചാരണത്തിന് നേതൃത്വം നൽകും.

വട്ടിയൂർക്കാവിൽ എ. വിജയരാഘവൻ,ആനത്തലവട്ടം ആനന്ദൻ, എ. കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കോന്നിയിൽ കെ. എൻ ബാലഗോപാൽ, കെ. ജെ തോമസ്,എം. എം മണി,കെ. കെ ഷൈലജ, അരൂരിൽ എം. വി ഗോവിന്ദൻ, തോമസ് ഐസക്ക്, ജി. സുധാകരൻ എറണാകുളത്ത് എ. സി മൊയ്തീൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, മഞ്ചേശ്വരം ഇ. പി ജയരാജൻ, പി. കരുണാകരൻ, പി. കെ ശ്രീമതി എന്നിവർക്കാണ് സി.പി.എം ചുമതലകൾ.

0Shares