ഈ സ്വാമിയെ എല്ലാവര്‍ക്കും പേടിയാണ്; എന്‍ഡോസഫാന്‍ ദുരിതബാധിതയായ വൃദ്ധയെ വീട്ടിലെത്തിച്ചത് അഞ്ചുകിലോമീറ്റര്‍ ചുമന്ന്; ഇത് നടന്നത് ഒഡീഷയിലല്ല കേരളത്തിലാണ്

  • Post category:news
  • Reading time:2 mins read
You are currently viewing ഈ സ്വാമിയെ എല്ലാവര്‍ക്കും പേടിയാണ്; എന്‍ഡോസഫാന്‍ ദുരിതബാധിതയായ വൃദ്ധയെ വീട്ടിലെത്തിച്ചത് അഞ്ചുകിലോമീറ്റര്‍ ചുമന്ന്; ഇത് നടന്നത് ഒഡീഷയിലല്ല കേരളത്തിലാണ്

റിപോര്‍ട്ട്; ദേവിദാസ് പിലിക്കോട്‌

കാസര്‍കോട്: ഒഡീഷയില്‍ പണമില്ലാത്തതിനാല്‍ മകളുടെ മൃതദേഹം ചുമന്ന് പിതാവ് 15 കിലോമീറ്റര്‍ നടന്നതും ആശുപത്രിയില്‍ നിന്ന് ഭാര്യയുടെ മൃതശരീരം വാങ്ങി തോളില്‍ വച്ച് പത്ത് കിലോമീറ്റര്‍ മകള്‍ക്കൊപ്പം ഭര്‍ത്താവ് നടന്നതും ആര്‍ക്കും മറക്കാനാവില്ല. ഇതിന് സമാനമായ സംഭവമാണ് കാസര്‍കോട് ജില്ലയിലെ ബെള്ളൂര്‍ പഞ്ചായത്തിലെ ഒരു പട്ടികജാതി കോളനിയില്‍ നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ചികിത്സാ സഹായം ലഭിച്ച് ഗുരുതവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സീതു എന്ന 66 വയസ്സുള്ള വൃദ്ധമാതാവിനെ വീട്ടിലെത്തിച്ചത് അഞ്ചുകിലോമീറ്റര്‍ ചുമന്ന്. സമീപത്തെ യുവാക്കള്‍ ഏറെ കഷ്ടപ്പെട്ടാണ് അര കിലോമിറ്റര്‍ കയറ്റം ചുമന്ന് വീട്ടിലെത്തിച്ചത്. അതും ഈ മഴയത്ത്. സാംസ്‌കാരിക കേരളത്തെ നാണം കെടുത്തുന്ന സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ട്. എസ്.സി കോളനി ഉള്‍പ്പെടുന്ന പൊസോളിഗയിലെ 78 കുടുംബങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് റോഡില്ല. അഥവാ റോഡു നിര്‍മ്മിക്കാന്‍ 80 ഏക്കര്‍ ഭൂമിയുടെ ജന്മിയായ സ്വകാര്യ വ്യക്തി സമ്മതിക്കില്ല. താഴ്ന്ന ജാതിക്കാര്‍ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനും രോഗികളെ ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഹോസ്പിറ്റലില്‍ എത്തിക്കാനും അനുവദിക്കില്ല. നിലവിലുള്ള ചെറിയ റോഡിന്റെ അറ്റകുറ്റപ്പണി നടത്താനും തടസമായിരിക്കുകയാണ്. പഞ്ചായത്തുമായുള്ള അവകാശ തര്‍ക്കം കോടതിയിലെത്തിയതിനാല്‍ നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന നിലയിലാണ്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പതിറ്റാണ്ടുകളായി നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡ് നന്നാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ മുന്നോട്ട് വരുന്നില്ല. കാലവര്‍ഷം തുടങ്ങിയതോടെ ഈറോഡിലൂടെ വാഹനങ്ങള്‍ ഓടുന്നത് അവസാനിപ്പിക്കുകയും ചെയ്തു.കോളനിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള നാട്ടക്കല്ലില്‍നിന്ന് വേണം ടാക്‌സി എത്താന്‍. പാമ്പുകടിയേറ്റ് മാസങ്ങള്‍ക്ക് മുമ്പ് ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചത് ഇവിടെത്തെകോളനിയിലാണ്. തോട്ടത്തിലെ കടന്നല്‍ക്കൂട് നശിപ്പിക്കാന്‍ പറഞ്ഞയച്ച യുവാവിനെ ആശുപത്രിയിലെത്താന്‍ തോട്ടം ഉടമ ജീപ്പ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് പാമ്പുകടിയേറ്റ് ചികില്‍സ വൈകുകയായിരുന്നു. വാഹന സൗകര്യമുണ്ടായിരുന്നെങ്കില്‍ 28 കാരനായ ആ യുവാവിനെ കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കാമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജന്മിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രസിഡന്റും സെക്രട്ടറിയും ജന്മിക്ക് മുഖം കാണിച്ച് സമ്മതം ചോദിച്ചു. അനുമതി ലഭിക്കാത്തതിനാല്‍ റിപ്പോര്‍ട്ട് അയക്കാനുള്ള നിര്‍ദേശം പഞ്ചായത്ത് ഭരണസമിതി ഉപേക്ഷിച്ചു. ഈ സാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം കുംബഡാജെ പഞ്ചായത്തിലേക്ക് സ്ഥലംമാറി പോയി. ശരീരം മുഴുവന്‍ തളര്‍ന്ന് പോയ മത്താടി എന്നയാളുടെ ദുരിത ജീവിതവും മരണ യാത്രയും ഇവിടെ സംഭവിച്ചതാണ്. എന്നിട്ടും അധികൃതര്‍ക്ക് ഒരുകുലുക്കവുമില്ല. നിരവധി യുവജന സംഘടനകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരം സംഭവം കാണാതെ പോവുകയാണ്. താഴ്ന്ന ജാതിക്കാരോട് കാട്ടുന്ന വിവേചനത്തിനെതിരേ പൊതുജന ശബ്ദം ഉയരേണ്ട സമയവും കഴിഞ്ഞിരിക്കുകയാണ്.

0Shares