
ഡി.ജി.പി.യായിരുന്ന ടി.പി. സെൻകുമാറും താനും മാത്രമല്ല വേറെയും ഡി.ജി.പി.മാർ ആർ.എസ്.എസിലേക്കുവരുമെന്ന് ജേക്കബ് തോമസ് . രാഷ്ട്രീയം ഇന്ന് ഏറ്റവും നല്ല ജോലിയായിരിക്കെ താൻ എന്തിനത് വേണ്ടെന്നുവെക്കണം ? നല്ല ജോലി കിട്ടിയാൽ ആരും പോകും. തോറ്റ എം.പി.മാർക്കുവരെ നല്ല ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലികിട്ടുന്ന കാലമാണിത്.
ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളിൽ ചിലതെല്ലാം വ്യാജവാർത്തകളാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാവുമോയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. രണ്ടു പ്രധാനമന്ത്രിമാരെ സംഭാവനചെയ്ത ബി.ജെ.പി. മോശം പാർട്ടിയല്ല. ഭാരതീയ സംസ്കാരത്തിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആർ.എസ്.എസ്. ഏറ്റവും വലിയ സന്നദ്ധസംഘടനയാണ്. അതിലെ പ്രവർത്തകരുടേത് ലളിതജീവിതമാണ്.

സ്വത്തിനോ മക്കൾക്കോവേണ്ടി അവർ അഴിമതിനടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ്ശ്രീറാമിലുള്ളത് ശ്രീരാമന്‍റെ മൂല്യങ്ങളെക്കുറിച്ചുള്ള സന്ദേശമാണ്. ജയ്ശ്രീറാം വിളിക്കുന്നതിനെ തെറ്റായി വ്യാഖ്യാനിച്ച് ന്യൂനപക്ഷങ്ങളിൽ ഭീതിയുണ്ടാക്കുകയാണ്. അടൂർ ഗോപാലകൃഷ്ണന് എതിർക്കാനുള്ള അവകാശത്തെപ്പോലെ ശ്രീരാമഭക്തിയെപ്പറ്റി പറയാൻ തനിക്കും അവകാശമുണ്ട്. കേന്ദ്രസർക്കാരിൽനിന്ന് ഏതെങ്കിലും സ്ഥാനം ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മാർച്ചിൽത്തന്നെ സർവീസിൽനിന്ന് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയതാണ്.താൻ സിവിൽ സർവീസ് പരീക്ഷയെഴുതുന്ന കാലത്ത് എം.എൽ.എ.മാർക്കും എം.പി.മാർക്കും ശമ്പളവും ആനുകൂല്യങ്ങളും അധികമുണ്ടായിരുന്നില്ല. ഇനി മെന്ററിങ് നടത്തി ജീവിക്കാനാണ് ആഗ്രഹം. പുസ്തകങ്ങളെഴുതണം, കുട്ടികളെ പഠിപ്പിക്കണം, സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കണം -ജേക്കബ് തോമസ് പറഞ്ഞു.
