
തൃശ്ശൂരിലേക്ക് എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവമോർച്ച നേതാവ് ബെംഗളുരുവിൽ അറസ്റ്റിലായി. യുവമോർച്ച ഇരിങ്ങാലക്കുട മുൻമണ്ഡലം പ്രസിഡന്റ് പവീഷും കൂട്ടാളികളുമാണ് വൈറ്റ് ഫീൽഡ് പൊലീസിൻ്റെ പിടിയിലായത്. എം.ഡി.എം.എ ഗുളികൾ പാവക്കുള്ളിൽ നിറച്ച് തൃശ്ശൂരിലേക്ക് കുറിയർ വഴി അയക്കാനായിരുന്നു പവീഷിൻ്റെയും കൂട്ടരുടെയും ശ്രമം.
പവീഷും സംഘവും ഗുളികൾ നിറച്ച പാവ കുറിയർ വഴി അയച്ചെങ്കിലും കേരളത്തിലേക്കുള്ള സാധനങ്ങൾ കയറ്റിപോകുന്നതിനു തൊട്ടുമുൻപ് സ്കാനർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പിടികൂടുകയായിരുന്നു. സ്കാനർ പരിശോധനയിൽ പാവയ്ക്കുള്ളിൽ ഗുളികൾ കണ്ടെത്തിയതിനെ തുടർന്നു ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

88 ഗ്രാം എം.ഡി.എം.എ ഗുളികളാണു കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ നിന്നാണു പവീഷ്, മലപ്പുറം സ്വദേശി എം.അഭിജിത്ത്, മറ്റൊരു കൂട്ടാളി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുടയിലെ യുവമോർച്ചയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് കീഴ്ത്താണി സ്വദേശിയായ എസ്.പവീഷ്. മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചു ബെംഗളൂരുവിലും ഇയാൾക്കു ലഹരിമരുന്നു വിൽപനയുണ്ടെന്നു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു പോസ്റ്റുകളിട്ടതിന്റെ പേരിൽ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടയാളാണു പവീഷെന്നായിരുന്നു ബി.ജെ.പി നേൃത്വത്തിൻ്റെ വിശദീകരണം.
