
ഷോര്‍ട്ട് വീഡിയോകളും റീല്‍സും അരങ്ങുവാഴുന്ന കാലത്ത് പെട്ടെന്ന് ശ്രദ്ധയാകര്‍ഷിച്ച ഒരു ഗാനം തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ശ്രമത്തിനിടയിലായിരിക്കും അക്കാര്യം തിരിച്ചറിയുക. പാട്ടിൻ്റെ വരികള്‍ അത്ര കൃത്യമായി ഓര്‍മയില്ല. തുടക്കത്തിലുള്ള ഒന്നോ രണ്ടോ വരികളോ അല്ലെങ്കില്‍ ഈണമോ മാത്രമാണ് മനസിലുള്ളതെങ്കില്‍ പാട്ട് കൃത്യമായി തിരഞ്ഞ് കണ്ടുപിടിക്കുന്നത് ഭഗീരഥ പ്രയത്നമായി മാറും. എന്നാല്‍ ഈ വിഷമകരമായ സാഹചര്യത്തിന് പരിഹാരം അണിയറയില്‍ ഒരുക്കുകയാണ് വീഡിയോ സ്ട്രീമിംഗ് പ്ളാറ്റ്ഫോമായ യുട്യൂബ്.
പാട്ടിൻ്റെ വരികള്‍ ചിട്ടയായി അറിയില്ലെങ്കില്‍ ഉടനെ തന്നെ സമീപിക്കാവുന്ന ആൻഡ്രോയ്‌ഡ് ആപ്പാണ് യുട്യൂബ് പരീക്ഷിക്കുന്നത്. അറിയാവുന്ന വരികള്‍ പാടിയോ മൂളിയോ പാട്ട് കണ്ടെത്താനുള്ള സേവനമായിരിക്കും ആപ്പ് നല്‍കുക.

യുട്യൂബ് ആപ്പിലെ തന്നെ വോയ്‌സ് സെര്‍ച്ച് വഴി പുതിയ ഓപ്ഷൻ പരീക്ഷിക്കാമെന്നാണ് വിവരം. മൂന്ന് സെക്കണ്ട് നേരത്തേയ്ക്കായിരിക്കും ഇതിനായി നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുക. നിങ്ങള്‍ നല്‍കുന്ന ശബ്ദശകലം പരിശോധിച്ച ശേഷം അതിന് ചേരുന്ന ഗാനവും കൂടാതെ ഫീച്ചര്‍ ചെയ്‌തിട്ടുള്ള ഷോര്‍ട്ട് വീഡിയോസ് അടക്കം യുട്യൂബ് തിരഞ്ഞ് കണ്ടുപിടിച്ച് നല്‍കും.
മൂളിയും ഇഷ്ടപ്പെട്ട പാട്ട് തിരയാനുള്ള സംവിധാനം ചുരുക്കം ചില ഉപയോക്താക്കള്‍ക്കേ ഉപയോഗിക്കാൻ കഴിഞ്ഞിട്ടുള്ളു എന്നാണ് വിവരം. എന്നാല്‍ പരീക്ഷണ ഘട്ടത്തിന് ശേഷം എല്ലാ ആൻഡ്രോയ്‌ഡ് ഉപയോക്താക്കളും ലഭ്യമാകുന്നതോടെ ഏറെ ആവശ്യക്കാരുണ്ടാകുന്ന ഫീച്ചറായി ഇത് മാറുമെന്നതില്‍ സംശയമില്ല.
