കൊവിഡ്: യോഗി സര്‍ക്കാര്‍ ശ്മശാനങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല ആളുകളെ അവിടെയെത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തു: കെജ്‌രിവാള്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ്: യോഗി സര്‍ക്കാര്‍ ശ്മശാനങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല ആളുകളെ അവിടെയെത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തു: കെജ്‌രിവാള്‍

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. കൊവിഡ് വ്യാപനം തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ലോകത്തിലെ ഏറ്റവും മോശം കൊവിഡ് മാനേജ്മെന്റ് ഉത്തർപ്രദേശിലാണെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തര്‍പ്രദേശിൻ്റെ അവസ്ഥ ഖേദകരമാണ്. യോഗി സര്‍ക്കാര്‍ ശ്മശാനങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല ആളുകളെ അവിടെയെത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തു,’ കെജ്‌രിവാള്‍ പറഞ്ഞു. എന്നാല്‍, കൊവിഡിൻ്റെ വീഴ്ച മറച്ചുവെക്കാന്‍ പരസ്യങ്ങള്‍ക്കായി കോടികളാണ് യോഗി ചെലവഴിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചാണ് യു.എസ് മാഗസിനുകളില്‍ പത്ത് പേജ് പരസ്യം കൊടുത്തതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കെജ്‌രിവാള്‍ വിമര്‍ശനമുന്നയിച്ചു. എന്നാല്‍ മോദിയുടെ പേര് പരാമര്‍ശിക്കാതെ ഒളിയമ്പെയ്യുന്ന രീതിയിലാണ് മോദിക്കെതിരെ കെജ്‌രിവാള്‍ വിമര്‍ശനമുന്നയിച്ചത്.

‘മുസ്‌ലിങ്ങള്‍ ഇവിടെ ഖബര്‍സ്ഥാനുകള്‍ പണിതാല്‍ നമ്മളിവിടെ ശ്മശാനങ്ങളും പണികഴിപ്പിക്കണമെന്നാണ് ബി.ജെ.പിയുടെ ഒരു ഉന്നതനായ നേതാവ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, അക്കാര്യം മാത്രമാണ് യോഗി ഇവിടെ വൃത്തിയായി ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ ശ്മശാനം നിര്‍മിക്കുക മാത്രമല്ല, ആളുകളെ അവിടെയെത്തിക്കാനുള്ള നടപടിയും യോഗി ആദിത്യനാഥ് കൃത്യമായിത്തന്നെ ചെയ്തിട്ടുണ്ട്,’ കെജ്‌രിവാള്‍ പറഞ്ഞു.

0Shares