നല്ല വസ്ത്രം ധരിക്കാനും, റീൽസ് ചിത്രീകരിക്കാനും മാത്രമല്ല, അത്യാവശ്യ ഘട്ടത്തിൽ തെരുവിലിറങ്ങി പോരാടാനും കാസറഗോഡ് ജില്ലയിലെ യുവാക്കൾക്ക് അറിയാം; അദ്ധ്യാപകനായ ആസിഫ് ഗുണാജെ എഴുതുന്നു..

  • Post category:politics / promotion
  • Reading time:3 mins read
You are currently viewing നല്ല വസ്ത്രം ധരിക്കാനും, റീൽസ് ചിത്രീകരിക്കാനും മാത്രമല്ല, അത്യാവശ്യ ഘട്ടത്തിൽ തെരുവിലിറങ്ങി പോരാടാനും കാസറഗോഡ് ജില്ലയിലെ യുവാക്കൾക്ക് അറിയാം; അദ്ധ്യാപകനായ ആസിഫ് ഗുണാജെ എഴുതുന്നു..

എഴുത്ത് ✍🏻ആസിഫ് ഗുണാജെ / കാസറഗോഡ്: ജില്ലയിലെ വളർന്നു വരുന്ന യുവതലമുറ കാര്യപ്രാപ്തിയുള്ളവരാണ്. ലഭിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കണം എന്ന ദൃഢ നിശ്ചയം അവർക്കുണ്ട്. നിലവിലെ സാഹചര്യം മുന്നോട്ട് പോയാൽ കാസറഗോഡ് ജില്ലയുടെ തലവര തന്നെ പുതു തലമുറ മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്ര സർക്കാരിൻ്റെയും, മാറിമാറി വരുന്ന സംസ്ഥാന സർക്കാരിൻ്റെയും അധികാര വർഗം കാസറഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണന പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. പതിറ്റാണ്ടുകളായുള്ള ഈ അവഗണനകൾക്ക് വിരാമം കുറിപ്പിക്കാനാണ് പുതു തലമുറ ശ്രമം നടത്തുന്നത്. കഴിവുള്ള വ്യക്തമായ രാഷ്ട്രീയ ബോധവും, പൗരത്വബോധവുമുള്ള ചുണക്കുട്ടികളാണ് വളർന്നു വരുന്നത്. യുവാക്കളുടെ പോരാട്ടം എന്നും വിജയിച്ച ചരിത്രം മാത്രമായുള്ളൂ ലോകത്ത്. അതിനാൽ കാസറഗോഡ് ജനതയുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും വിജയം കാണും.

കുമ്പളയിലെ ടോൾ വിഷയം: ദേശീയ പാതയിൽ ഒരു ടോൾ ഗേറ്റ് നിർമ്മിച്ചാൽ അടുത്ത ടോൾ ഗേറ്റിലേക്ക് കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി വേണം എന്നതാണ് ചട്ടം. 2008ൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഈ നിയമത്തെ കാറ്റിൽ പറത്തിയാണ് ഇന്ത്യൻ ദേശീയപാത അതോറിറ്റി തലപ്പാടി ടോൾ പ്ലാസയിൽ നിന്നും കേവലം 22 കിലോമീറ്റർ അകലത്തിൽ കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ നിർമ്മിച്ചത്. ഇതിനെതിരെയുള്ള സമരമാണ് മഞ്ചേശ്വരം എം.എൽ.എ AKM അഷ്‌റഫിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി നടന്നത്. അതൊരു ജനകീയ സമരമാണ്. രാഷ്ട്രീയ- മത- ജാതിക്ക് അതീതമായുള്ള സമരം. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടെനിന്നു. മാത്രമല്ല ജില്ലയിലെ വിവിധ ക്ലബ്ബുകളും കൂട്ടായിമകളും അടക്കം പ്രായ വ്യത്യാസമില്ലാതെ ആയിരങ്ങൾ തെരുവിലിറങ്ങി. യുവ തലമുറയിലെ വലിയ വിഭാഗം ചെറുപ്പക്കാരും കുട്ടികളുമാണ് സമരത്തിൻ്റെ കരുത്ത്.

മെഡിക്കൽ കോളേജ് സമരം: കുമ്പള ടോൾ സമരത്തിന് ഒപ്പം തന്നെയാണ് കാസറഗോഡ് മെഡിക്കൽ കോളേജ് വിഷയം പുതു തലമുറ ഏറ്റടുക്കുന്നത്. വർഷങ്ങളായി സമര മുഖത്തുള്ള മാഹിൻ കേളോട്ട് മുന്നിൽ നിന്നപ്പോൾ പൂർണ്ണ പിന്തുണയുമായി ഇൻഫ്ലുവൻസർ കൂട്ടായ്മയും പിന്തുണ നൽകി. 13 വർഷമായി പണി പൂർത്തിയാക്കാനാവാതെ മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇപ്പോഴും ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഉക്കിനടുക്കയിൽ പ്രേതാലയം പോലെ തലയുയർത്തി നിൽക്കുന്നു. കരാറുകാരന് സർക്കാർ പണം നൽകാത്തതാണ് പ്രവൃത്തി മുടങ്ങാൻ കാരണം. ഇതോടെ കരാറുകാരൻ കോടതിയെ സമീപിച്ചു. അതോടെ പ്രവൃത്തി പൂർണ്ണമായും നിലച്ചു. ആരോഗ്യ മന്ത്രി പറയുന്നത് പ്രകാരം കേസ് കഴിഞ്ഞ ഡിസംബറിൽ തീർന്നു എന്നാണ് അറിയാനായത്. അതിനാൽ തന്നെ ഇപ്പോഴത്തെ ഈ സമരത്തിനും അതിയായ പ്രാധാന്യമുണ്ട്. പാതി വഴിയിലുള്ള പ്രവൃത്തി പുതിയ കരാറുകാരനെ കൊണ്ട് അതിവേഗം പൂർത്തിയാക്കുകയാണ് വേണ്ടത്. ഇതിനായി സർക്കാർ ഉണർന്നു പ്രവർത്തിക്കണം. പണി പൂർത്തിയാക്കി ആശുപത്രി പൂർണ്ണ സജ്ജമാകുന്നത് വരെ കാസറകോട് ജനത പോരാട്ടം തുടരുക തന്നെ ചെയ്യും. മെഡിക്കൽ കോളേജ് വിഷയത്തിൽ കാസറഗോഡ് അനിശ്ചിതകാല സമരം തുടരുകയാണ്. സമരത്തിന് പിന്തുണയുമായി ഇൻഫ്ലുവൻസർ കൂട്ടായ്മ ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാർച്ച് 27 ന് രാവിലെ നടക്കും. ഈ മാർച്ചിൽ ജില്ലയിലെ പലഭാഗത്തു നിന്നും യുവാക്കൾ ഒഴുക്കി എത്തുമെന്നാണ് കരുതുന്നത്.

ഭരണകൂടം കാണിച്ചത്: കഴിഞ്ഞ 10 വർഷം അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ഒരു ജില്ലയുടെ അവകാശമായ ആരോഗ്യ രംഗത്ത് പൂർണ്ണമായ ഇടപെടൽ നടത്താൻ നമ്മുടെ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ഉദാഹരണമാണ് ഉക്കിനടുക്കയിലെ പണി തീരാത്ത ആശുപത്രി കെട്ടിടം. കോവിഡ് കാലത്ത് കോടികൾ മുടക്കി ടാറ്റ അനിവാദിച്ച ആശുപത്രിയും ചെട്ടഞ്ചാലിൽ നിലനിർത്താൻ നമ്മുടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. ആരോഗ്യ രംഗത്ത് ജില്ലക്ക് വേണ്ടതെല്ലാം നൽകി എന്ന മുടന്തൻ ന്യായം നടത്തുന്ന ആരോഗ്യ മന്ത്രിക്ക് കാസറഗോഡ് ജനറൽ ആശുപത്രി കെട്ടിടം പൂർണ്ണ സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. സർക്കാരിൻ്റെ മെല്ലെപോക്ക് സമീപനമാണ് തിരിച്ചടിയാകുന്നത്. രാഷ്ട്രീയം മറന്ന് എല്ലാം ജനം തിരിച്ചറിയുന്നുണ്ട്. സമര മുഖത്ത് പൂർണ്ണ പിന്തുണയുമായി ഇടത് അനുയായികളും എത്തുന്നു എന്നതാണ് സമരത്തിൻ്റെ വിജയം. കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖല മംഗലാപുരം ലോബിക്ക് വേണ്ടി സർക്കാർ വിട്ടുനൽകിയപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്. വിദഗ്ദ്ധ ചികിത്സക്ക് ഇപ്പോഴും ജില്ലയിലെ ആളുകൾ ലക്ഷങ്ങൾ മുടക്കി മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കാസറഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പണികൾ പാതിവഴിലാക്കിയത് തന്നെ മംഗലാപുരത്തുള്ള സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണോ.? ജില്ലയിൽ പുതുതായി ആരംഭിച്ച സ്വകാര്യ ആശുപത്രികൾ ഉദ്‌ഘാടനം ചെയ്യാൻ മത്സരിച്ച മുഖ്യ മന്ത്രിയും ആരോഗ്യ മന്ത്രിയുമാണ് ജില്ലയോട് അവഗണന കാണിച്ചത്. കോവിഡ് കാലത്തും അതിന് ശേഷവും മികച്ച ചികിത്സ ലഭിക്കാതെ നിരവധി ആളുകൾ ജില്ലയിൽ മരണത്തിന് കീഴടങ്ങി എന്നതും നാം മറന്നുപോവരുത്.

പുതു തലമുറയുടെ പോരട്ടം: അധികാരികൾക്ക് തക്ക താകീതാണ് യുവ തലമുറ നൽകുന്നത്. കുമ്പള ടോളും, മെഡിക്കൽ കോളേജ് ആശുപത്രി വിഷയത്തിൽ മാത്രമല്ല, മറ്റു ജില്ലകളിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ കാസറഗോട്ടേക്ക് സ്ഥലം മാറ്റുന്ന സമീപനവും ഇനി തടയും. ബജറ്റ് അവതരണത്തിൽ ജില്ലയോട് കാണിക്കുന്ന അവഗണനയും ജനം ചോദ്യം ചെയ്യും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മാത്രമുള്ള അതിവേഗ റെയിൽവേ പദ്ധതിയിൽ നിന്നും കാസറഗോഡ് ജില്ലയെ ഇ. ശ്രീധരൻ ഒഴിവാക്കിയതും ചോദ്യം ചെയ്യപ്പെടും. നല്ല വസ്ത്രം ധരിക്കാനും, റീൽസ് ചിത്രീകരിക്കാനും മാത്രമല്ല അത്യാവശ്യ ഘട്ടത്തിൽ തെരുവിലിറങ്ങി അവകാശങ്ങൾക്ക് വേണ്ടി പോരാടാനും കാസറഗോഡ് ജില്ലയിലെ യുവാക്കൾക്ക് അറിയാം. അതിനുള്ള തുടക്കമാകട്ടെ ഈ പ്രതിഷേധങ്ങൾ. എല്ലാവിധ ഭാവങ്ങളും നേരുന്നു. നാട്ടിൽ ഇല്ലങ്കിലും പൂർണ്ണ പിന്തുണ നൽകുന്നു. ✍🏻ആസിഫ് ഗുണാജെ (മാലിദ്വീപ് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ്റെ കീഴിൽ ട്രാവൽ ആൻഡ് ടൂറിസം അദ്ധ്യാപകൻ). കാസറഗോഡ് ഗുണാജെ സ്വദേശി.

0Shares