
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് തീരുമാനം. വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പരാതി തള്ളിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ, നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങൾ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താൻ നുണപരിശോധന വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടത്.

ബ്രിജ് ഭൂഷൺ നുണ പരിശോധനയ്ക്ക് തയ്യാറായതിനെ സ്വാഗതം ചെയ്ത താരങ്ങൾ പരിശോധന പൂർണമായി തത്സമയം സംപ്രേഷണം ചെയ്യണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെക്കുന്നത്. സമരം തുടങ്ങി ഒരു മാസം തികഞ്ഞിട്ടും ബ്രിജ് ഭൂഷൻ്റെ അറസ്റ്റ് വൈകുന്ന സാഹചര്യത്തിൽ സമരം കടുപ്പിക്കുകയാണ് താരങ്ങൾ.
