വനിതാ ടി 20 ലോകകപ്പ്; സ്മൃതി മന്ദാനക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കില്ല; ഹർമൻപ്രീതിൻ്റെ കാര്യത്തിലും ആശങ്ക

  • Post category:sports
  • Reading time:1 min read
You are currently viewing വനിതാ ടി 20 ലോകകപ്പ്; സ്മൃതി മന്ദാനക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കില്ല; ഹർമൻപ്രീതിൻ്റെ കാര്യത്തിലും ആശങ്ക

വനിതാ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്ടൻ സ്മൃതി മന്ദാന കളിക്കില്ല. പരിക്കിനെ തുടർന്നാണ് മന്ദാനക്ക് കളിക്കാൻ സാധിക്കാത്തത്. തിങ്കളാഴ്ച ഓസ്ട്രേലിയക്കെതിരായ പരിശീലന മത്സരത്തിൽ ഫീൽഡിംഗിനിടെ സ്മൃതിക്ക് വിരലിന് പരിക്കേറ്റിരുന്നു.

പരിശീലന മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഓപ്പണിംഗ് സ്ഥാനം വിട്ട് മൂന്നാം നമ്പറിലായിരുന്നു സ്മൃതി ബാറ്റിംഗിന് ഇറങ്ങിയത്. താരം അധിക നേരം ബാറ്റ് ചെയ്തിരുന്നില്ല. തുടർന്ന് ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലും സ്മൃതി കളിച്ചിരുന്നില്ല. ഇന്ത്യൻ ക്യാപ്ടൻ ഹർമൻപ്രീത് കൗറിൻ്റെ ആരോഗ്യ കാര്യത്തിലും ടീമിന് ആശങ്കയുണ്ട്.

കഴിഞ്ഞയാഴ്ച അവസാനിച്ച ത്രിരാഷ്ട്ര പരമ്പരയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനൽ മത്സരത്തിനിടെ ഹർമൻപ്രീതിന്റെ ചുമലിന് പരിക്കേറ്റിരുന്നു. എന്നാൽ, പാകിസ്താനെതിരെ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഹർമൻപ്രീത് പറഞ്ഞു. രണ്ട് പരിശീലന മത്സരങ്ങളിലും ഹർമൻപ്രീതും കളിച്ചിരുന്നില്ല.ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ഞായറാഴ്ചയാണ് പാകിസ്താനെതിരായ ഇന്ത്യയുടെ കളി. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അയർലൻഡ് തുടങ്ങിയവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

0Shares