
കുറ്റിക്കോല്‍ / കാസർകോട്: പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടത്തുന്ന ക്യാമ്പിന് കുറ്റിക്കോലിൽ തുടക്കമായി. ആദ്യദിനം വനിതാ കമ്മീഷന്‍ അംഗങ്ങളുടെയും ജനപ്രതിനിധികളുടെയും നേതൃത്തിലുള്ള സംഘം കുറ്റിക്കോല്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ ഊരുകളായ മാണിമൂല, നരമ്പില കണ്ടം, മാനടുക്കം എന്നിവ സന്ദര്‍ശിച്ചു.
പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിന് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്നു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ സെമിനാറുമുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അടിയന്തരമായി അതിന് പരിഹാരം കാണുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുന്നതിനാണ് ക്യാമ്പ്.
പട്ടികവര്‍ഗ്ഗ കോളനികളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേരള വനിതാ കമ്മീഷന്‍ ഇടപ്പെടുമെന്ന് വനിതാ കമ്മീഷന്‍ അംഗം പി.കുഞ്ഞായിഷ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിൻ്റെ പല പദ്ധതികളും പട്ടികവര്‍ഗ്ഗ മേഖലകളിലേക്ക് കൃത്യമായി എത്തിച്ചേരുന്നില്ലെന്ന് കോളനി സന്ദര്‍ശനത്തില്‍ മനസിലായെന്നും അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. കുറ്റിക്കോല്‍ പഞ്ചായത്തിലെ മാണിമൂല, നരമ്പില കണ്ടം, മാനടുക്കം എന്നീ കോളനികളാണ് ക്യാമ്പിൻ്റെ ഭാഗമായി സന്ദര്‍ശിച്ചത്.
സംസ്ഥാന സര്‍ക്കാരിൻ്റെ പല പദ്ധതികളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും അവരോട് വിശദീകരിച്ചു.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ.പി.കുഞ്ഞായിഷ, വി.ആര്‍ മഹിളാമണി, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍.ദിവ്യ, കമ്മീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മണിലാല്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം, വൈസ്. പ്രസിഡണ്ട് ശോഭനകുമാരി, മെമ്പര്‍മാരായ കെ.കുഞ്ഞിരാമന്‍, നാരായണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനി സന്ദര്‍ശിച്ചത്.
