
താലിബാൻ അഫ്ഗാനിസ്ഥാനിലെ അധികാരം പൂർണമായും കയ്യേറി സർക്കാർ സ്ഥാപിച്ചതോട് കൂടി സ്ത്രീകൾ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നയം വന്നിരിക്കുകയാണ്. സ്ത്രീകൾക്ക് സർവകാലാശാല വിദ്യാഭ്യാസം നിഷേധിച്ച് അധികം വൈകും മുമ്പാണ് പുതിയ നിർദ്ദേശവുമായി താലിബാൻ എത്തിയിരിക്കുന്നത്.
പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ് ഡയറക്ടറേറ്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അത് പ്രകാരം ഇവിടെ സ്ത്രീകൾക്ക് ചികിത്സക്കായി പുരുഷ ഡോക്ടറെ കാണാൻ അനുവാദമില്ല. അതോടെ, എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ. താലിബാൻ്റെ പുതിയ നയം സ്ത്രീ രോഗികളെ ചികിത്സിക്കുന്നതിൽ നിന്നും പുരുഷ ഡോക്ടർമാരെ വിലക്കുന്നതാണ്. ഒപ്പം എല്ലാ ആശുപത്രികളിലും ഇത് സംബന്ധിച്ച പരിശോധനയും ഉണ്ടാകും.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ഓരോന്നായി ഇല്ലാതാവുന്നതിനെ ചൊല്ലി കഴിഞ്ഞയാഴ്ചയാണ് യു.എൻ സുരക്ഷാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചത്.എത്രയും വേഗം സ്കൂൾ തുറക്കണമെന്നും പെൺകുട്ടികളോടും സ്ത്രീകളോടും താലിബാൻ കാണിക്കുന്ന ഈ നയങ്ങൾ തിരുത്തണം എന്നും പിന്നാലെ യു.എൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
