ആറുപേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് യുവതി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് ഭീകരാക്രമണമെന്ന് അധികൃതര്‍

  • Post category:international / news
  • Reading time:1 min read
You are currently viewing ആറുപേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് യുവതി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് ഭീകരാക്രമണമെന്ന് അധികൃതര്‍

അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബുളില്‍ ജനത്തിരക്കേറിയ തക്സിം സ്ക്വയറിലെ ഇസ്തിക്‌ലല്‍ സ്ട്രീറ്റില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം നടത്തിയത് ഒരു സ്ത്രീ ആണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി തുര്‍ക്കി വൈസ്. പ്രസിഡണ്ട് ഫുവാട്ട് ഒക്ടേ പറഞ്ഞു. ഭീകരാക്രമണം തന്നെയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഹീനമായ ബോംബ് ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് തുര്‍ക്കി പ്രസിഡണ്ട് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു. ഞായറാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട് 6.50ഓടെ ഉണ്ടായ ശക്തമായ സ്ഫോടനത്തില്‍ 81 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

സ്ഫോടനം നടക്കുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുമ്പ് ഒരു സ്ത്രീ ബെഞ്ചില്‍ ഇരിക്കുന്നതും അല്പം കഴിഞ്ഞ് എഴുന്നേറ്റ് പോകുന്നതിൻ്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് ഇവര്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇതാണ് ആക്രമണത്തിന് പിന്നില്‍ സ്ത്രീയാണെന്ന് സംശയിക്കാന്‍ കാരണം. ചാവേര്‍ ആക്രമണമാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ഇതെല്ലാം നിലവില്‍ അന്വേഷണത്തിലാണ്. അതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിലുള്ള സ്ത്രീ ആണോ ഇതെന്ന് വ്യക്തമല്ല.

തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരത്തിൻ്റെ ഹൃദയഭാഗമാണ് സ്ഫോടനം നടന്ന ഇസ്തിക്‌ലല്‍ സ്ട്രീറ്റ്. വാരാന്ത്യത്തില്‍ ആള്‍ക്കാര്‍ ഏറെ കൂടുന്ന സമയത്താണ് സ്ഫോടനം നടന്നത്. പരമാവധി ആള്‍നാശം ഉണ്ടാവാന്‍ വേണ്ടിയാണ് സ്ഫോടനം നടത്താന്‍ ഇവിടം തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്. നേരത്തേയും നിരവധി തവണ തുര്‍ക്കിയിലെ പലഭാഗത്തും ഭീകരാക്രമണം നടന്നിട്ടുണ്ട്. 2017ല്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ഇസ്താംബുള്‍ നിശാ ക്ലബില്‍ 39 പേരെയാണ് അക്രമി വെടിവച്ച്‌ കൊലപ്പെടുത്തിയത്.

0Shares