
കൊച്ചി: കടലില്‍ കാറ്റാടിപ്പാടമായി പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്ക് ആയിരം കോടി രൂപയുടെ വിദേശ കരാര്‍ ലഭിച്ചു. നാവിക സേനയ്ക്ക് ഐ.എന്‍.എസ് വിക്രാന്ത് കൈമാറിയതിന് പിന്നാലെയാണ് യൂറോപ്പിലെ പ്രമുഖ കമ്പനിയുടെ വന്‍ ഓര്‍ഡര്‍ ലഭിച്ചത്.
കടലില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാറ്റാടിപ്പാടത്തിന് സഹായമായി പ്രവര്‍ത്തിക്കുന്ന കമ്മിഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍സ് (സി.എസ്.ഒ.വി) ആണ് നിര്‍മ്മിക്കുക. കൂടുതല്‍ ഓര്‍ഡറുകള്‍ ഇവരില്‍ നിന്ന് ലഭിക്കുമെന്ന് കപ്പല്‍ശാല അധികൃതര്‍ അറിയിച്ചു.

കടലിലെ ഊര്‍ജ്ജ ഉത്പാദനത്തിന് അനുയോജ്യമായാണ് കപ്പല്‍ രൂപകല്പന ചെയ്യുന്നത്. ക്രെയിന്‍, പ്രത്യേക ദൗത്യ ഉപകരണങ്ങള്‍, ഹെലിപാഡ് തുടങ്ങിയവ കപ്പലിലുണ്ടാകും. താമസ സൗകര്യം, ഡൈനാമിക് പൊസിഷനിംഗ് എന്നിവയുമുണ്ടാകും. കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാന്‍ ഹരിത സംവിധാനങ്ങളും പാരമ്പര്യേതര ഊര്‍ജ്ജവും വിനിയോഗിക്കും. മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ വേള്‍ഡ് പദ്ധതിയുടെ ഭാഗമായാണ് പുതിയ കരാര്‍.
കപ്പല്‍ നിര്‍മ്മാണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ രണ്ടു പതിറ്റാണ്ടായി മുമ്പന്തിയിലാണ് കൊച്ചി കപ്പല്‍ശാല. 50ലേറെ കപ്പലുകളാണ് അമേരിക്ക, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, നോര്‍വെ, ഡെന്മാര്‍ക്ക്, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലേക്ക് നിര്‍മ്മിച്ച് നല്‍കിയത്. ഓഫ്‌ഷോര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കപ്പലുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. മലിനീകരണം ഇല്ലാത്ത, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ചരക്കുകപ്പലുകള്‍ നോര്‍വേയ്ക്ക് വേണ്ടി നിര്‍മ്മിച്ചും മികവ് തെളിയിച്ചു. ഐ.എന്‍.എസ്. വിക്രാന്ത് കൈമാറിയതിന് പിന്നാലെ മിസൈല്‍വേധ കപ്പലുകള്‍ നിര്‍മ്മിക്കാൻ ഉള്‍പ്പെടെ കരാര്‍ നാവികസേന നല്‍കിയിരുന്നു.
