
കേരളത്തിൽ കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കെ- റെയിൽ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുന്ന പദ്ധതിയാണെന്നും അത് അനുവദിക്കില്ലെന്നതു തന്നെയാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ അനുമതി നൽകിയാലും കേരളത്തിൽ സിൽവർ ലൈൻ നടപ്പാക്കാൻ യു.ഡി.എഫ് അനുവദിക്കില്ല. റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തിയാൽ അഞ്ചോ ആറോ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തിച്ചേരാം. കെ- റെയിൽ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കും. കേരളത്തെ തകർക്കുന്ന പദ്ധതി അനുവദിക്കില്ലെന്നതു തന്നെയാണ് യു.ഡി.എഫ് നിലപാട്.
ഇന്ത്യ മുഴുവൻ നടപ്പാക്കുന്ന വന്ദേ ഭാരത് പദ്ധതി കേരളത്തിൽ തരില്ലെന്ന് പറയുന്നത് അനുവദിക്കാനാകില്ല. ഏറ്റവും കൂടുതൽ ട്രെയിൻ യാത്ര ചെയ്യുന്നത് കേരളീയരാണ്. കേരളത്തിന് അവകാശപ്പെട്ടതാണ് വന്ദേ ഭാരത്. അല്ലാതെ കേന്ദ്ര സർക്കാരിന്റെ ഔദാര്യമല്ല. അതുകൊണ്ട് ബിജെപി ഇത്രത്തോളം ആഘോഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവെ ഉണ്ടായ കാലം മുതൽക്കെ കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു മാറ്റത്തിൻ്റെ ഭാഗം മാത്രമാണ് വന്ദേ ഭാരത്. വന്ദേ ഭാരത് കാസർകോട് വരെ നീട്ടണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെട്ടത്. അത് അംഗീകരിച്ചു. പാളങ്ങളുടെ വളവുകൾ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം. അത് കൂടി നിലവിൽ വന്നാൽ കേരളത്തിൽ ഒരു കെ- റെയിലിൻ്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു
