
കാസർകോട്: കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ്റെ പരീക്ഷാ സംവിധാനങ്ങളെ മെച്ചപ്പെടുത്തി സുതാര്യമാക്കി മുന്നോട്ടുകൊണ്ടു പോകുമെന്ന് കേരള പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. പി.എസ്.സി ജില്ലാ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരു ഘട്ടത്തില്‍ ജോലിയില്‍ പ്രവേശിക്കാം എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുന്ന സംവിധാനങ്ങളെ മെച്ചപ്പെടുത്തി സുതാര്യമാക്കുന്നതിൻ്റെ ഭാഗമായാണ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഇതോടെ പരീക്ഷാ നടപടി ക്രമങ്ങള്‍ എളുപ്പമാവും. എഴുത്തുപരീക്ഷയ്ക്കെടുക്കുന്ന സമയദൈര്‍ഘ്യം കുറക്കാനാവുമെന്നും എം.കെ സക്കീര്‍ പറഞ്ഞു.
പി.എസ്.സി അംഗം സി.സുരേശന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍, പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസര്‍ വി.വി.പ്രമോദ് എന്നിവര്‍ സംസാരിച്ചു. പി.എസ്.സി അഡീഷണല്‍ സെക്രട്ടറി വി.ബി.മനുകുമാര്‍ സ്വാഗതവും പി.എസ്.സി ജില്ലാ ഓഫീസര്‍ പി.ഉല്ലാസന്‍ നന്ദിയും പറഞ്ഞു.
ജില്ലയില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം നിലവില്‍ വന്നതോടെ കുറഞ്ഞ അപേക്ഷകരുള്ള തസ്തികകളിലേക്കും വകുപ്പുതലങ്ങളിലേക്കുമുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ ഇനി ജില്ലയില്‍ തന്നെ എഴുതാം. കാസര്‍കോട് പുലിക്കുന്ന് പി.എസ്.സി ഓഫീസ് കെട്ടിടത്തില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്ന പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം 231 പേര്‍ക്ക് പരീക്ഷയ്ക്ക് ഹാജരാവാനാകും.

ഏകദേശം പതിനായിരത്തോളം വരുന്ന ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന പരീക്ഷയില്‍ മറ്റ് ജില്ലകളിലേക്ക് പോകേണ്ട അവസ്ഥ ഇനി ഉണ്ടാവില്ല. ഒപ്പം കണ്ണൂര്‍ ജില്ലയിലുള്ളവര്‍ക്കും കാസര്‍കോട് വന്ന് ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഹാജരാവാം. സംസ്ഥാനത്തെ ഏഴാമത്തെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണിത്. നേരത്തെ ജില്ലയിലെ രണ്ട് എഞ്ചിനീയറിംഗ് കോളജുകളിലായിരുന്നു ഓണ്‍ലൈന്‍ പരീക്ഷ നടത്തിയിരുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നിരുന്നു. പുതിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം നിലവില്‍ വന്നതോടെ ഉദ്യോഗസ്ഥരുടെ ജോലിഭാരവും കുറയും.
