
സംസ്ഥാനത്തെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറെന്ന് കൊല്ലം എം.എൽ.എയും നടനുമായ മുകേഷ്. പാർട്ടി വീണ്ടും ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കുമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടാണ് നേരത്തെ മത്സരിച്ചതെന്നും മുകേഷ് വ്യക്തമാക്കി.
പാർട്ടി വീണ്ടും ആവശ്യപ്പെടുക എന്നു പറഞ്ഞാൽ താൻ നൽകിയ സേവനത്തിൽ പാർട്ടിക്ക് തൃപ്തിയുണ്ടെന്നാണ് അർത്ഥമെന്നും മുകേഷ് പറഞ്ഞു. അതേസമയം, താൻ മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ വിമർശനങ്ങളെ മുകേഷ് തള്ളി. സിനിമയിലും ടെലിവിഷനിലും നാടകത്തിലും അഭിനയിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടുന്നതെന്ന മുൻവിധിയാണ് പ്രതിപക്ഷ ആരോപണത്തിന് പിന്നിലെന്ന് പറഞ്ഞു.

കൊല്ലം മണ്ഡലത്തിൽ മികച്ച വികസന പ്രവർത്തനങ്ങളാണ് നടന്നത്. കിഫ്ബിയുടെ സഹായത്തോടെ 1,330 കോടി രൂപയാണ് കൊല്ലത്തെ വികസന പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചത്. 45 കോടിരൂപ പെരുമൺ പാലത്തിന് വേണ്ടി മാറ്റിവച്ചെന്നും മുകേഷ് പറഞ്ഞു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി സൂരജ് രവി 45,492 വോട്ടുകൾ നേടിയപ്പോൾ മുകേഷ് 63,103 വോട്ടുകളുമായി 17,611 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
