
75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. എല്ലാവർഷവും വിപുലമായ പരിപാടികളോടെ ആണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുക. എന്തിനാണ് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്? എന്തുകൊണ്ടാണ് ഈ ദിനം കർത്തവ്യ പഥിൽ ആഘോഷിക്കുന്നത്? വിശദമായി അറിയാം.
നാട്ടുരാജ്യങ്ങളാൽ ഭിന്നിക്കപ്പെട്ടു കിടന്ന, പോർച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളോട് പോരാടിയാണ് നമ്മുടെ പൂർവികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഭരണഘടന നിലവിൽ വന്നിരുന്നില്ല.
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക് മാറിയതും ഭരണഘടന അംഗീകരിക്കപ്പെട്ടതും 1950 ജനുവരി 26നാണ്. ഡോ. ബി.ആർ അംബേദ്ക്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന നിലവിൽ വന്നതിൻ്റെ ഓർമയ്ക്കായാണ് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ചു വരുന്നത്.
1930 ജനുവരി 26ന് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസമാണ് പിന്നീട് റിപ്പബ്ലിക് ദിനമായി പ്രഖ്യാപിച്ചത്. വിപുലമായ ആഘോഷങ്ങളോടെ ആണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യാഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും.
1950 മുതൽ 1954വരെ ഡൽഹിയിലെ വിവിധയിടങ്ങളിൽ ആയിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നിരുന്നത്. ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയം, കിങ്‌സ്‌വെ, ചെങ്കോട്ട, രാമലീല മൈതാനി തുടങ്ങിയ ഇടങ്ങളെല്ലാം റിപ്പബ്ലിക് ദിന പരേഡിന് വേദിയായി.

1955 മുതലാണ് ആഘോഷ ചടങ്ങുകൾ കർത്തവ്യ പഥിൽ നടത്താൻ തുടങ്ങിയത്. മുമ്പ് രാജപാഥ് എന്നറിയപ്പെട്ടിരുന്ന കാർത്തവ്യ പാതയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചരിത്രപരമായ പ്രാധാന്യമുണ്ട്. കൊളോണിയൽ ഭരണത്തിൽ നിന്ന് ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ പ്രതീകപ്പെടുത്തുന്ന കർത്തവ്യ പാഥ് റിപ്പബ്ലിക ദിന പരേഡിൻ്റെ മറുപേരു തന്നെയാണ്. രാഷ്‌ട്രപതി ഭവൻ, പാർലമെണ്ട് മന്ദിരം, സൗത്ത് ബ്ളോക്ക്, നോർത്ത്ബ്ളോക്ക്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു പാത കൂടിയാണിത്.
1911ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ച ബ്രിട്ടീഷ് ചക്രവർത്തി ജോർജ്ജ് അഞ്ചാമൻ്റെ ബഹുമാനാ അർത്ഥമായിരുന്നു ഈ പാതയ്ക്ക് ലണ്ടനിലെ ‘കിംഗ്‌സ്‌വേ’യ്‌ക്ക് സമാനമായ പേര് നൽകിയത്. സ്വാതന്ത്ര്യാനന്തരം പേര് കിംഗ്‌സ്‌വേയുടെ ഹിന്ദി പരിഭാഷയായ രാജപാഥ് ആയി. പരേഡിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാം.
ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍:
പ്രതിരോധ മന്ത്രാലത്തിൻ്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://aamatnran.mod.gov.in/login
പേരും ജനനതീയതിയും മൊബൈല്‍ നമ്പരും ഇ- മെയില്‍ വിലാസവും നല്‍കി അക്കൗണ്ടുണ്ടാക്കുക. ഇവണ്ട് എന്ന ഓപ്ഷന് കീഴില്‍ റിപ്പബ്ലിക് ദിന പരേഡ് എന്നത് തെരഞ്ഞെടുക്കുക. തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട പേജ് തുറന്നുവരുമ്പോള്‍ പേര്, ലിംഗം, മേല്‍വിലാസം എന്നിവ ടൈപ്പ് ചെയ്‌ത് നല്‍കുകയും ഫോട്ടോ അപ്ലോഡ് ചെയ്യുകയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും അപ്ലോഡ് ചെയ്യുക.
ഇനി എത്ര ടിക്കറ്റുകളാണ് ആവശ്യമെന്ന് സെലക്‌ട് ചെയ്യുക. റിസര്‍വ് ടിക്കറ്റുകള്‍ക്ക് 500 രൂപയും അണ്‍റിസര്‍വ് ടിക്കറ്റ് ഒന്നിന് 100 രൂപയും പരിമിതമായ കാഴ്‌ച മാത്രമുള്ള സീറ്റിന് 20 രൂപയുമാണ്. ഒറ്റയടിയ്ക്ക് നാല് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. പണം ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.
ടിക്കറ്റ് സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം ഇ- മെയിലിലും എസ്എംഎസായും ലഭിക്കും. ഇ-ടിക്കറ്റും ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമായി ഡല്‍ഹിയിൽ എത്തിയാല്‍ നിങ്ങള്‍ക്കും പരേഡിന് സാക്ഷിയാകും.
ഓഫ്‌ലൈനായി ബുക്ക് ചെയ്യാന്‍:
നിങ്ങളുടെ പ്രദേശത്തിന് അടുത്തുള്ള അംഗീകൃത ടിക്കറ്റ് ബുക്കിംഗ് കൗണ്ടറില്‍ നിന്ന് നിങ്ങളുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
