
ലഹരിമരുന്ന് കേസിൽ വാട്സ്ആപ്പ് ചാറ്റുകൾ മതിയായ തെളിവില്ലെന്ന് മുംബൈ പ്രത്യേക കോടതി. കേവലം വാട്സ്ആപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനമാക്കി ആചിത് കുമാർ, ആര്യൻ ഖാന് ലഹരി മരുന്ന് വിതരണം ചെയ്തു എന്ന് കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ആചിത് കുമാറിൻ്റെ ജാമ്യഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
‘എൻ.സി.ബിയുടെ റിപ്പോർട്ട് പ്രകാരം ആചിത് കുമാറാണ് ഇരുവർക്കും (ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്) ലഹരി മരുന്ന് എത്തിച്ചു നൽകിയിട്ടുള്ളത്. എന്നാൽ ഈ വാദത്തെ സാധൂകരിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ എൻ.സി.ബിക്ക് കഴിഞ്ഞിട്ടില്ല. കുറ്റാരോപിതനുമായുള്ള (ആര്യൻ ഖാൻ) വാട്സ്ആപ്പ് ചാറ്റ് മാത്രമാണ് അവർക്ക് ഹാജരാക്കാൻ സാധിച്ചത്.

ഇത്തരം പ്രവർത്തനങ്ങളുമായി ആചിത് കുമാറിന് ബന്ധമുണ്ടെന്ന് കാണിക്കാൻ മറ്റൊരു തെളിവും ഹാജരാക്കിയിട്ടുമില്ല. എന്നാൽ കേവലം വാട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി ആചിത് ആര്യൻ ഖാന് ലഹരി മരുന്ന് വിതരണം ചെയ്തുവെന്ന് കണക്കാക്കാൻ സാധിക്കില്ല,’ കോടതി നിരീക്ഷിച്ചു.
2.6 ഗ്രാം കഞ്ചാവുമായാണ് എൻ.സി.ബി കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാൾ ഒരു കഞ്ചാവ് വിൽപനക്കാരനാണെന്നും ആണെന്നും നഗരത്തിലെ ‘കഞ്ചാവ് ശൃംഖലയുടെ’ ഭാഗമാണെന്നും എൻ.സി.ബി പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം അവകാശവാദങ്ങളെ സ്ഥിരീകരിക്കാൻ സാധിച്ചില്ലെങ്കിൽ ഈ ആരോപണങ്ങൾ 22-കാരനായ വിദ്യാർത്ഥിയുടെ കരിയറിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആചിതിൻ്റെ അഭിഭാഷകൻ വാദിച്ചു.
വിചാരണ വേളയിൽ ഗൂഢാലോചനയുടെ വശം പരിഗണിക്കുമെന്ന് എൻ.സി.ബി പറഞ്ഞപ്പോൾ, ഗൂഢാലോചനയ്ക്കും പ്രേരണയ്ക്കും കേസുണ്ടെങ്കിൽ ഏജൻസി പ്രഥമദൃഷ്ട്യാ അതിന് തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്.
