
തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എ.ഡി.എച്ച്.ഡി) ഉണ്ടെന്ന് കഴിഞ്ഞദിവസം പ്രശസ്‌ത നടൻ ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയിരുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിനിടെ ആണ് അദ്ദേഹം തൻ്റെ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
എ.ഡി.എച്ച്.ഡി എന്നൊരു രോഗാവസ്ഥയുണ്ടെന്നും ചെറുപ്പത്തിലെ കണ്ടുപിടിച്ചാല്‍ ഈസിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്ക് അത് നാല്‍പ്പത്തിയൊന്നാം വയസിലാണ് കണ്ടെത്തിയതെന്നും ഫഹദ് പറയുന്നുണ്ട്. ഇന്നും പലർക്കും ഈ രോഗാവസ്ഥയെ കുറിച്ച് അറിയില്ല. ചെറുപ്പത്തില്‍ തന്നെ ഇത് കണ്ടെത്തിയാല്‍ വേഗം ചികിത്സിച്ച് മാറ്റാൻ കഴിയും.
എന്താണ് എ.ഡി.എച്ച്.ഡി രോഗം?
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോർഡർ ആണ് അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എ.ഡി.എച്ച്.ഡി). കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരെയും ബാധിക്കാറുണ്ട്.
അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയും ഒക്കെയാണ് ലക്ഷണങ്ങള്‍. ഇത് പഠനത്തെ പോലും ബാധിച്ചേക്കാം. കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികള്‍ തെറ്റായ വഴിയിലെത്തിപ്പെട്ടേക്കാം. പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

മുതിർന്നവരില്‍ മറവി, സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, എന്തും ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുക തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഇതിനുണ്ട്. തലച്ചോറിലെ ഡോപമിൻ്റെ കുറവുകൊണ്ടും ഇത് സംഭവിക്കാം.
വരാനുള്ള കാരണങ്ങള്‍
മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും, ന്യൂറോളജിക്കല്‍ വ്യത്യാസങ്ങള്‍, ജനിതക ഘടകങ്ങള്‍, മസ്‌തിഷ്‌ക പരിക്കും ആഘാതവും, പാരമ്പര്യം, വയസ് എന്നിവയാണ് രോഗാവസ്ഥയ്ക്ക് കാരണങ്ങൾ.
എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങള്‍ 12 വയസിന് മുമ്പ് തന്നെ കുട്ടികളില്‍ പ്രകടമാകുന്നു. ചില കുട്ടികളില്‍ മൂന്ന് വയസ് മുതല്‍ തന്നെ അവ പ്രകടമാകാം.
ലക്ഷണങ്ങള്‍
അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയും ഒക്കെയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലും കൗമാരക്കാരിലും ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം.
അശ്രദ്ധ- കുട്ടികള്‍ക്ക് സ്‌കൂളിലെ പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മടുപ്പ് തോന്നുക, നിർദ്ദേശങ്ങള്‍ കേള്‍ക്കാനോ നടപ്പിലാക്കാനോ കഴിയാതെ വരിക എന്നി ലക്ഷണങ്ങള്‍ ഉണ്ടാകും.
ഹെെപ്പർ ആക്ടിവിറ്റി- ഒരു സ്ഥലത്ത് നിശ്ചലമായി ഇരിക്കാൻ കഴിയാതെ വരിക, നിരന്തരം കലഹിക്കുക, ചെയ്യുന്ന പ്രവൃത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ വരിക, അമിതമായ സംസാരം, കാത്തിരിക്കാൻ മടി കാണിക്കുക. ആലോചിക്കാതെ എടുത്തുചാടുക, ഒരാള്‍ സംസാരിക്കുമ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അതിനെ തടസപ്പെടുത്തി സംസാരിക്കുക എന്നിവയാണ് ഹെെപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങള്‍.
