Categories
Kerala news

സദ്യക്കുള്ള പച്ചക്കറികൾ നിര്‍ബന്ധമായും കഴുകണം; ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി

പാലക്കാട്: കല്യാണ മണ്ഡപങ്ങളിലും ഓഡിറ്റോറിയങ്ങളിലും ഹോട്ടലുകളിലും നടത്തുന്ന സദ്യക്കും മറ്റും പച്ചക്കറി കഴുകാതെയാണ് ഉപയോഗിക്കുന്നതെന്ന വസ്‌തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് നിര്‍ദേശം നല്‍കിയത്.

പാലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള ഭക്ഷണ വസ്‌തുക്കളില്‍ മായം ചേര്‍ക്കുന്നതിനെതിരെ ഡോ. സുരേഷ് കെ.ഗുപ്‌തൻ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.

പാല്‍, പഴം, പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

വൃത്തിയില്ലാത്ത പ്രവൃത്തികളോ പാചകമോ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും. ആദ്യവട്ടം മുന്നറിയിപ്പും പിഴയും നിര്‍ദേശിക്കും.

പിഴ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്ക് നിശ്ചയിക്കാം. ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നും കണ്ടെത്തിയാല്‍ സാംപിളുകള്‍ ശേഖരിച്ച് ലാബ് റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കും. ആര്‍.ഡി.ഒ, കോടതി വഴി നിയമ നടപടികള്‍, ലൈസന്‍സ് സസ്‌പെന്‍ഷന്‍, റദ്ദാക്കല്‍ തുടങ്ങിയവയും നേരിടേണ്ടിവരും.

ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസുകള്‍ വഴി മുഴുവന്‍ കാറ്ററിങ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും പ്രത്യേക പരിശീലനവും സുരക്ഷാ നിര്‍ദേശങ്ങളും നല്‍കി വരുന്നുണ്ട്. വീഴ്‌ച കണ്ടെത്തിയാല്‍ ഏത് സമയത്തും പൊതുജനങ്ങള്‍ക്കോ സദ്യ ഏര്‍പ്പാട് ചെയ്‌തവര്‍ക്കോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെടാം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest