
ഉദരസംബന്ധമായ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിൻ്റെയും കുടലിൻ്റെയും ആവരണത്തിൻ്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം, ഉയര്‍ന്ന പനി, ശരീര വേദന എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.
‘വൊമിറ്റിങ് ബഗ്’ എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്‌പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യുന്നു. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും.

രോഗം ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കുകയും രോഗം മാറിയാലും കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യുന്നതാണ് രോഗം പകരാതിരിക്കാന്‍ നല്ലത്. കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്‍ഡ് നേരമെങ്കിലും വൃത്തിയായി കഴുകുക. ഒ.ആര്‍.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കേണ്ടതുമാണ്.
രോഗ ലക്ഷണങ്ങള്‍
കടുത്ത ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, മനംമറിച്ചില്‍, ഉയര്‍ന്ന പനി, ശരീര വേദന, കൈകാല്‍ വേദന, ഉയര്‍ന്ന തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
