
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ അടിയന്തിര സഹായം ലഭ്യമാക്കുകയാണെന്ന് സർക്കാർ. മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കാർഡ് വ്യത്യാസമില്ലാതെ റേഷൻ നൽകാനാണ് നിർദേശം.
മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് കളക്ടർ തുക വിനിയോഗിക്കേണ്ടത്. എല്ലാം നഷ്ടമായവർക്ക് അടിയന്തിര ആവശ്യങ്ങൾക്ക് പണം അനിവാര്യമാണ്. അതിനാൽ കലക്ടർ ആവശ്യക്കാർക്ക് പണം നൽകുമെന്നാണ് അറിയാനായത്.
