
ഗാസ കരയുദ്ധം ആസന്നമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ സൈന്യത്തിൻ്റെ കൂടുതല്‍ ടാങ്കുകള്‍ ഗാസ അതിര്‍ത്തി വളഞ്ഞു. കാലാള്‍ സേനയും കൂടുതല്‍ മുന്നോട്ടുകയറി നിലയുറപ്പിച്ചു. കരയുദ്ധം ഉടൻ ഉണ്ടാകുമെന്നും വ്യോമ, നാവികസേനകളും ഒരേസമയം ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. പുതുതായി രൂപീകരിച്ച യുദ്ധ മന്ത്രിസഭയുടെ ആദ്യയോഗം ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്ത് ചേര്‍ന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യോഗത്തില്‍ യുദ്ധ ഒരുക്കങ്ങള്‍ വിലയിരുത്തി. ഹമാസിനെ പൂര്‍ണമായും തകര്‍ക്കുമെന്ന് നെതന്യാഹു പറഞ്ഞു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള സാധ്യതയും ഇസ്രയേല്‍ സൈന്യം തള്ളി.
ഇസ്രയേലില്‍ നിന്ന് അറബ് രാജ്യങ്ങളിലേക്ക് ചര്‍ച്ചകള്‍ക്കായി പോയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റെണി ബ്ലിങ്കൻ തിങ്കളാഴ്‌ച ടെല്‍ അവീവില്‍ മടങ്ങിയെത്തും.

ഗാസ അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് സൈനികര്‍ യുദ്ധസജ്ജരായി നിലയുറപ്പിച്ചതോടെ, പലസ്തീൻകാര്‍ കൂടുതലായി തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുകയാണ്. അതേസമയം, തെക്കൻ ഗാസയിലെ ഹമാസ് ചുമതലക്കാരനായ നേതാവ് ബിലാല്‍ അല്‍ കേദ്രയെ ഇസ്രയേല്‍ സൈന്യം വധിച്ചു.
തെക്കൻ മേഖലയിലേക്ക് ജനങ്ങളോട് പലായനം ചെയ്യാൻ പറഞ്ഞ ഇസ്രയേല്‍ സൈന്യം അവിടെയും നടത്തുന്ന ആക്രമണങ്ങള്‍ പലസ്തീൻ ജനതയെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. റാഫ അതിര്‍ത്തിക്ക് സമീപമുള്ള കുവൈത്ത് ആശുപത്രി ജീവനക്കാരോടും ഒഴിഞ്ഞു പോകാൻ ഇസ്രയേല്‍ ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 724 കുട്ടികളടക്കം 2329 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു. ഇസ്രയേലില്‍ 286 സൈനികരടക്കം 1300 പേരും കൊല്ലപ്പെട്ടു.

അമേരിക്കയുടെ രണ്ടാമത്തെ വിമാന വാഹിനിക്കപ്പലും ഇസ്രയേലിലേക്ക് പുറപ്പെട്ടു. യുദ്ധത്തില്‍ അമേരിക്കൻ സൈന്യം നേരിട്ട് പങ്കെടുക്കില്ലെന്നും മെഡിറ്ററേനിയനില്‍ നിലയുറപ്പിച്ച് ഇസ്രയേലിന് നേര്‍ക്ക് ഉണ്ടായേക്കാവുന്ന ബാഹ്യ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യമെന്നും പെൻ്റെഗണ്‍ വ്യക്തമാക്കി. കൂടുതല്‍ യുദ്ധ വിമാനങ്ങളും മേഖലയിലേക്ക് ഉടൻ എത്തും.
മറ്റിടങ്ങളിലും യുദ്ധത്തിന് തയ്യാറെന്ന് ഇസ്രയേല്‍
മധ്യപൗരസ്ത്യ ദേശത്ത് മറ്റിടങ്ങളിലേക്കും യുദ്ധം വ്യാപിപ്പിക്കാൻ തയ്യാറാണെന്ന് സൂചന നല്‍കി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിൻ്റെ സുരക്ഷ ഉറപ്പാക്കാൻ മധ്യപൗരസ്ത്യ ദേശത്ത് എവിടെയും സൈനിക നീക്കം നടത്താൻ തയ്യാറാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞിരുന്നു.
ഇസ്രയേല്‍ സൈന്യം ചുറ്റുപാടും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം മറ്റ് രാജ്യങ്ങളിലേക്കും പടരുമെന്ന ആശങ്ക ശക്തമാക്കി ഇരിക്കെയാണ് സൈന്യത്തിൻ്റെ വെളിപ്പെടുത്തല്‍.
